ഭീകരതയ്‌ക്കെതിരെ കടുപ്പിച്ച് ഓസ്‌ട്രേലിയ; ഹിസ്ബുത്ത് തഹ്രീറിന് നിരോധനം; രാഷ്ട്രീയ പോര് മുറുകുന്നു

ഭീകരതയ്‌ക്കെതിരെ കടുപ്പിച്ച് ഓസ്‌ട്രേലിയ; ഹിസ്ബുത്ത് തഹ്രീറിന് നിരോധനം; രാഷ്ട്രീയ പോര് മുറുകുന്നു

മെൽബൺ: രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ-സൈനിക നീക്കവുമായി ഓസ്‌ട്രേലിയ. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഇസ്ലാമിസ്റ്റ് സംഘടനയായ ഹിസ്ബുത്ത് തഹ്രീറിനെ ഓസ്‌ട്രേലിയൻ സർക്കാർ ഔദ്യോഗികമായി നിരോധിച്ചു. ബോണ്ടി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ നിയമങ്ങളിൽ വരുത്തിയ കർശനമായ മാറ്റങ്ങൾക്ക് പിന്നാലെയാണ് ഈ നിർണായക നടപടി.

പുതിയ നിയമ പ്രകാരം ഹിസ്ബുത്ത് തഹ്രീർ ഇനി മുതൽ ഓസ്‌ട്രേലിയയിൽ ഒരു നിരോധിത സംഘടനയാണ്. സംഘടനയില്‍ അംഗമാകുന്നതും അതിനായി പ്രചാരണം നടത്തുന്നതും പരിശീലനം നല്‍കുന്നതും ഇനി മുതല്‍ ശിക്ഷാര്‍ഹമായ കുറ്റമായി മാറും.

ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ തന്നെ ഈ സംഘടനയെ നിരോധിച്ചിരുന്നു. ആഗോളതലത്തിൽ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണിത്. സർക്കാരിന്റെ നീക്കത്തിനെതിരെ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ 'ഗ്രീൻസ്' രംഗത്തെത്തി. നിരോധന നടപടികൾ രഹസ്യമായി നടപ്പിലാക്കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്ന് ഗ്രീൻസ് സെനറ്റർ ഡേവിഡ് ഷോബ്രിഡ്ജ് പറഞ്ഞു.

"ഇത്തരം സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ പാലിക്കേണ്ട സുതാര്യത ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. നടപടികൾ രഹസ്യമാക്കി വെക്കുന്നത് സമൂഹത്തിൽ പരസ്പര സംശയങ്ങൾ വർദ്ധിപ്പിക്കാനേ സഹായിക്കൂ. ഇത് രാജ്യത്തെ സാമൂഹിക ഐക്യത്തെ തകർക്കും," - അദേഹം വ്യക്തമാക്കി. സുരക്ഷാ ഏജൻസികൾ നൽകിയ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തണമെന്നും ഗ്രീൻസ് ആവശ്യപ്പെട്ടു.

ഭീകരതയെ നേരിടുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും, നിരോധന രീതിയെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം വരുംദിവസങ്ങളിൽ ഓസ്‌ട്രേലിയയിൽ ശക്തമാകാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.