വാഷിങ്ടണ്‍: സഹോദരങ്ങളായ പിഞ്ചുകുഞ്ഞുങ്ങളെ പതിനാല് അടി ഉയരമുള്ള യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തി മതിലിനു മുകളില്‍നിന്ന് താഴേക്കെറിഞ്ഞ് കള്ളക്കടത്തുകാരുടെ ക്രൂരത. ഇക്വഡോര്‍ സ്വദേശികളായ മൂന്നും അഞ്ചും വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ചൊവ്വാഴ്ച്ച രാത്രി യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തി മതിലിന് മുകളില്‍നിന്നു താഴേക്ക് എറിഞ്ഞത്.
രണ്ട് കുഞ്ഞുങ്ങളെയും ഒരാള്‍ മതിലിന് മുകളില്‍നിന്ന് താഴേക്ക് ഉപേക്ഷിച്ച ശേഷം രണ്ടു പേര്‍ ഓടിരക്ഷപ്പെടുന്നത് കാമറയില്‍ പതിഞ്ഞതായി യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍(സി.ബി.പി.) ഉദ്യോഗസ്ഥര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
29 സെക്കന്‍ഡ് നീളമുള്ള വീഡിയോ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത് കാമറ പ്രവര്‍ത്തിപ്പിക്കുന്നയാളുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടികളെ കണ്ടെത്തി.
സെന്റ് തെരേസയിലെ സി.ബി.പി. കേന്ദ്രത്തിലെത്തിച്ച കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മുന്‍കരുതലെന്ന നിലയില്‍ പ്രാദേശിക ആശുപത്രിയിലേക്കു മാറ്റി. സി.ബി.പിയുടെ താത്ക്കാലിക കസ്റ്റഡിയിലാണ് കുട്ടികളിപ്പോള്‍. ചെറിയ കുട്ടികളെ അതിര്‍ത്തി മതിലിന് മുകളിലൂടെ കടത്തുകാര്‍ ഉപേക്ഷിക്കുന്ന രീതി അതിയായ ഞെട്ടലുണ്ടാക്കുന്നതായി ചീഫ് പട്രോള്‍ ഏജന്റ് ഗ്ലോറിയ ഷാവേസ് പ്രതികരിച്ചു.
സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ മെക്‌സിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഷാവേസ് കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരുന്നില്ലെങ്കില്‍ മരുഭൂമിക്ക് സമാനമായ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ മണിക്കൂറുകളോളം കഴിയേണ്ടി വരുമായിരുന്നെന്ന് ഷാവേസ് പറഞ്ഞു.
രാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ സമീപകാലത്തായി വലിയ വര്‍ധനയാണുള്ളത്. അഞ്ഞൂറോളം കുട്ടികള്‍ ഒപ്പം ആരുമില്ലാതെ പ്രതിദിനം അതിര്‍ത്തി കടക്കുന്നതായാണ് റിപ്പോര്‍ട്ട്.
യു.എസ്. ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള കുട്ടികളുടെ പരിപാലനത്തെക്കുറിച്ചുയരുന്ന വിമര്‍ശനങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന് തലവേദനയായിത്തീര്‍ന്നിരിക്കുകയാണ്. ഔദ്യോഗിക കണക്കനുസരിച്ച് 12,918 കുട്ടികള്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പിന്റെ കീഴില്‍ കഴിയുന്നുണ്ട്. 5,285 കുട്ടികളുടെ സുരക്ഷാചുമതല സി.ബി.പിക്കാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.