പൂനെ: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. നാളെ മുതല്‍ ഒരാഴ്ച പൂനെയില്‍ രാത്രികാലങ്ങളില്‍ കര്‍ഫ്യൂ നിലവില്‍ വരും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജില്ലയിലെ കൊവിഡ് സാഹചര്യം സംബന്ധിച്ച് അടുത്ത വെള്ളിയാഴ്ച അവലോകനം ചെയ്തശേഷമാവും ഉത്തരവ് പുനപ്പരിശോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
അടുത്ത ഏഴുദിവസത്തേക്ക് മതപരമായ സ്ഥലങ്ങള്‍, ഹോട്ടലുകള്‍, ബാറുകള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ അടച്ചിടുമെന്ന് പൂനെ ഡിവിഷനല്‍ കമ്മീഷണര്‍ സൗരഭ് റാവു പറഞ്ഞു. ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യസേവനങ്ങള്‍ എന്നിവയ്ക്ക് ഹോം ഡെലിവറികള്‍ മാത്രമേ ഇക്കാലയളവില്‍ അനുവദിക്കൂ.
പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് പൂനെ. വ്യാഴാഴ്ച 8,011 പുതിയ കേസുകളാണ് പൂനെയില്‍ റിപോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ രണ്ടാമത്തെ കണക്കാണിത്. ബുധനാഴ്ച സ്ഥിരീകരിച്ച 8,605 കേസുകളാണ് പൂനെയിലെ ഏറ്റവും വലിയ പ്രതിദിന വര്‍ധന.
കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പൂനെ മേയര്‍ മുരളീധര്‍ മൊഹോള്‍ വ്യാഴാഴ്ച സ്വകാര്യ ആശുപത്രികളോട് 80 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. വൈറസ് പടരുന്നത് പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ ഫലപ്രദമാണെങ്കിലും ഇപ്പോള്‍ അടിയന്തര ആവശ്യമില്ലെന്നും മേയര്‍ വ്യക്തമാക്കി. പകരം ടെസ്റ്റിങ്, ട്രേസിങ്, വാക്‌സിനേഷന്‍ ഡ്രൈവുകള്‍ എന്നിവ വര്‍ധിപ്പിക്കേണ്ടതുണ്ട്. കേസുകളുടെ വര്‍ധനവ് ഉടന്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ശന നടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 16,000 പുതിയ കൊവിഡ് കേസുകളാണ് പൂനെയില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് കണക്ക്. പൂനെ കൂടാതെ സംസ്ഥാന തലസ്ഥാനമായ മുംബൈയും കൊവിഡ് കേസുകള്‍ ഉയരുന്നത് ആശങ്കാജനകമാണ്. വ്യാഴാഴ്ച മുംബൈയില്‍ 8,646 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന കേസാണിത്.
മാളുകള്‍, ബസ് സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പലരും നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആളുകള്‍ക്ക് ക്രമരഹിതമായി കൊവിഡ് പരിശോധന നടത്തുന്നത് ഉള്‍പ്പെടെ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികളും മുംബൈ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.