വൈദ്യുതി കരാറിന് പിന്നില്‍ പിണറായി-അദാനി കൂട്ടുകെട്ടെന്ന് ചെന്നിത്തല

വൈദ്യുതി കരാറിന് പിന്നില്‍ പിണറായി-അദാനി കൂട്ടുകെട്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് വൈദ്യുതി വാങ്ങാനുള്ള കരാറുണ്ടാക്കിയത്. 25 വര്‍ഷം അദാനിക്ക് കൊള്ളയടിക്കാന്‍ അവസരം നല്‍കിയിട്ട് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട് ആണ് അദാനിയുമായി കരാര്‍ ഉണ്ടാക്കിയതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും അധിക വൈദ്യുതി ഉണ്ടായിട്ടും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. കരാറിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആനുകൂല്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്.

പിണറായി-അദാനി കൂട്ടുകെട്ടാണ് വൈദ്യുതി കരാറിന് പിന്നിലുള്ളത്. ഗ്യാരന്റി ഉറപ്പ് വരുത്തണം എന്ന് കരാറില്‍ ഉണ്ട്. എന്നാൽ ഇതു കൊണ്ട് ദോഷമുണ്ടാകുന്നത് ഉപഭോക്താക്കള്‍ക്കാണ്.എന്നാൽ അറിഞ്ഞില്ല എന്നു വെദ്യുതിമന്ത്രി പറയുന്നത് ശുദ്ധനുണയാണ്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് കരാറുറപ്പിച്ചത്. യൂണിറ്റ് ഒന്നിന് റിന്യുവല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാമെന്ന സാഹചര്യം ഉപയോഗിച്ചില്ല. കൂടുതല്‍ വൈദ്യുതി എന്തിന് വാങ്ങിയെന്ന് സംസ്ഥാനം വ്യക്തമാക്കണം. അധികം വൈദ്യുതി വാങ്ങുന്നതിലൂടെ പിണറായി വിജയന്‍ ഇടത് കൈ കൊണ്ടും വലത് കൈ കൊണ്ടും അദാനിയെ സഹായിക്കുകയാണ്. എതിര്‍പ്പുണ്ടെന്ന് വരുത്തി തീര്‍ത്ത് അദാനിയെ സഹായിക്കാനുള്ള നടപടിയുണ്ടാകുന്നു. അദാനിയെ പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുന്ന നിലപാട് കേരളം സ്വീകരിച്ചുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സോളാര്‍ എനര്‍ജി രണ്ട് രൂപക്ക് കിട്ടും. എന്തിന് അദാനിയില്‍ നിന്നും 2.83 പൈസക്ക് വൈദ്യുതി വാങ്ങി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഇടനിലക്കാര്‍ മാത്രമാണ്. ജനങ്ങളുടെ തലയില്‍ അദാനിയെ സഹായിക്കാനായി 2.83 രൂപ അടിച്ചേല്‍പ്പിക്കുന്നു. അദാനിക്ക് ആയിരം കോടി കമ്മീഷന്‍ കിട്ടിയപ്പോള്‍ മുഖ്യമന്ത്രിക്ക് എത്ര കിട്ടിയെന്ന് മുഖ്യമന്ത്രി പറയണം. സംസ്ഥാന ഇലക്‌ട്രി സിറ്റി ബോര്‍ഡ് അദാനിയില്‍ നിന്ന് നേരിട്ട് ഇലക്‌ട്രിസിറ്റി വാങ്ങുന്ന കരാര്‍ ഉണ്ട്. അദാനിയില്‍ നിന്ന് നേരിട്ട് കറണ്ട് വാങ്ങാനുള്ള തീരുമാനം ഇലക്‌ട്രിസിറ്റി ബോര്‍ഡ് എടുത്തിട്ടുണ്ട്. എം എം മണിക്ക് ഒന്നുമറിയില്ല, എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പിലാക്കുന്നതാണ്. കഴിഞ്ഞമാസം വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ശബരിമലവിഷയത്തില്‍ ഇതുവരെ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല. യുവതീ പ്രവേശനം സാധ്യമാക്കാന്‍ നല്‍കിയ അഫിഡവിറ്റ് പിന്‍വലിക്കാന്‍ തയ്യാറുണ്ടോയെന്നും ജനങ്ങളോട് മാപ്പ് പറയുമോ എന്നും ചെന്നിത്തല ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.