അഹമ്മദാബാദ്: ഗുജറാത്തില്‍ മതം മാറി വിവാഹം ചെയ്താല്‍ ചുരുങ്ങിയത് മൂന്നു വര്‍ഷം തടവ് ശിക്ഷയുറപ്പാക്കുന്ന ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമഭേദഗതി നിയമസഭ പാസാക്കി. ഇതോടെ മതം മാറി വിവാഹം കഴിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാവും.
മധ്യപ്രദേശും ഉത്തര്‍പ്രദേശും പാസാക്കിയ സമാനമായ നിയമത്തിന്റെ ചുവട് പിടിച്ചാണ് ഗുജറാത്തും നിയമം പാസാക്കിയിരിക്കുന്നത്. ഭേദഗതി പ്രകാരം വിവാഹത്തിനായി മതം മാറിയാല്‍ ചുരുങ്ങിയത് മൂന്നു വര്‍ഷം തടവ് നല്‍കാം. ഇത് അഞ്ചുവര്‍ഷം വരെയാവാം. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തയാളോ പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ടയാളോ ആണെങ്കില്‍ ചുരുങ്ങിയ തടവ് നാലു വര്‍ഷവും പരമാവധി ഏഴു വര്‍ഷം വരെയുമാണ്.
മതം മാറ്റമുണ്ടായാല്‍ രക്ഷിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരെക്കൂടാതെ ബന്ധുക്കളിലാര്‍ക്ക് വേണമെങ്കിലും പരാതി നല്‍കാം. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതനാണ്. മതം മാറ്റത്തിന് സഹായിക്കുകയോ ഉപദേശം നല്‍കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരേയും കേസെടുക്കാം. ഇവര്‍ക്ക് മൂന്നു മുതല്‍ 10 വര്‍ഷം വരെ തടവും അഞ്ചു ലക്ഷം വരെ പിഴയും വിധിക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. അതോടൊപ്പം കോടതിക്ക് വിവാഹം അസാധുവാക്കാം. കേസ് അന്വേഷിക്കുന്നത് ഡി.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
നിര്‍ബന്ധിത മതം മാറ്റം തടയാനെന്ന പേരില്‍ ഗുജറാത്തില്‍ 2003ല്‍ നിയമം പാസാക്കിയിരുന്നു. എന്നാൽ പണമോ മറ്റു സമ്മാനങ്ങളെ സൗകര്യങ്ങളോ സ്വീകരിച്ച് മതം മാറുന്നതാണ് 2003ലെ നിയമത്തില്‍ കുറ്റമായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ വിവാഹത്തിന് വേണ്ടിയല്ലാതെ മികച്ച ജീവിത ശൈലി, ദൈവാനുഗ്രഹം, മറ്റൊരാളായി മാറല്‍ എന്നിവയ്ക്കായി മതം മാറുന്നതും പുതിയ ഭേദഗതിയില്‍ കുറ്റമായി കണക്കാക്കിയിട്ടുണ്ട്. പഴയ നിയമത്തില്‍ നിര്‍ബന്ധിത മതം മാറ്റം മാത്രമായിരുന്നു കുറ്റം. പുതിയ ഭേദഗതിയില്‍ നിര്‍ബന്ധിതമല്ലാതെ തന്നെ വിവാഹം കഴിക്കുകയെന്ന ഉദ്ദേശത്തോടെ മതം മാറുക, ഇത്തരത്തില്‍ മതം മാറാന്‍ ഒരാളെ സഹായിക്കുക, പ്രോത്സാഹിപ്പിക്കുക എന്നിവയും കുറ്റമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.