ന്യൂഡല്‍ഹി: സഹജീവികളോടുള്ള കാരുണ്യം വിലയിരുത്തി നഴ്‌സുമാരെ സമൂഹം അറിഞ്ഞ് വിളിക്കുന്ന പേരാണ് മാലാഖമാര്‍. അവരുടെ കാരുണ്യത്തിന്റെ പുതിയൊരു കഥയാണ് ഡല്‍ഹിയില്‍ നിന്നും പുറത്ത് വരുന്നത്. ഉപജീവനമാര്‍ഗ്ഗം വഴിമുട്ടിയ റിക്ഷക്കാരന് പുതുജീവന്‍ നല്‍കിയ മാലാഖമാര്‍. ശക്കുര്‍പുരില്‍ താമസിക്കുന്ന രമേശ് ചന്ദ്രന്റെ ഉപജീവന മാര്‍ഗമായിരുന്ന ഇ റിക്ഷ കൊള്ളയടിക്കപ്പെട്ടപ്പോള്‍ പുതിയതു വാങ്ങി നല്‍കി സ്‌നേഹത്തിന്റെ പുത്തന്‍ അധ്യായം തീര്‍ത്തിരിക്കുകയാണ് മലയാളികളായ ഒരു കൂട്ടം നഴ്‌സുമാര്‍.
കാരുണ്യം ഇ റിക്ഷയുടെ രൂപത്തില്‍ രമേശ് ചന്ദ്രന്‍ എന്ന സാധാരണക്കാരനെ തേടി എത്തിയ കഥ ഇങ്ങനെ:-
മാവേലിക്കര സ്വദേശിയായ രമേശ് ചന്ദ്രന്‍ 1996ലാണ് ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഒട്ടേറെ ജോലികള്‍ ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ഇ റിക്ഷ വാങ്ങി. വിലയുടെ ഒരു ഭാഗം ആദ്യം നല്‍കി. ബാക്കി 8000 രൂപ വീതമുള്ള 18 ഗഡുക്കളായി നല്‍കാമെന്ന വ്യവസ്ഥ. മഹാവീര്‍ ആശുപത്രിയിലും ശക്കുര്‍പുരിലും ഇ റിക്ഷ ഓടിച്ച് ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് ജീവിതം തന്നെ ഇരുള്‍ മൂടിയ ആ സംഭവമുണ്ടായത്.
മാര്‍ച്ച് 9 രാവിലെ 10 മണിയോടെ അന്‍പതു വയസിനു മേല്‍ പ്രായം തോന്നുന്ന ഒരാള്‍ എത്തി സവാരിക്ക് വണ്ടി വിളിച്ചു. 4 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ കേന്ദ്രത്തില്‍ നിന്നു എസിയുടെ സാമഗ്രികള്‍ കൊണ്ടുവരാന്‍ സവാരി വരുന്നോ എന്നു തിരക്കിയായിരുന്നു അയാള്‍ ഓട്ടം വിളിച്ചത്. ഓരോ ട്രിപ്പിനും 350 രൂപയായിരുന്നു വാഗ്ദാനം. ദിവസം 5 തവണ സവാരി വേണ്ടിവരുമെന്നും അറിയിച്ചു. നല്ല കൂലി വാഗ്ദാനം ചെയ്തതിനാല്‍ രമേശ് സമ്മതം മൂളുകയായിരുന്നു. അങ്ങനെ ഇരുവരും കനയ്യ നഗര്‍ മെട്രോ സ്റ്റേഷനു സമീപമെത്തി. ഇതിനിടെ കമ്പനി ജീവനക്കാരനാണെന്നു പറഞ്ഞു മറ്റൊരാള്‍ കൂടിയെത്തി. ഇതിനിടെ കുടിക്കാന്‍ ജ്യൂസ് നല്‍കി. ഇതിനു പിന്നാലെ ഉറക്കം വരുന്നതായി തോന്നി. ഇ റിക്ഷയുടെ താക്കോല്‍ അവര്‍ ചോദിച്ചെങ്കിലും നല്‍കാന്‍ മടിച്ചതിനാല്‍ തല്ലിയെന്നും രമേശ് ഓര്‍ക്കുന്നു.
പിന്നെ ഒന്നും ഓര്‍മയില്ലെന്നു രമേശിന്റെ വാക്കുകള്‍. പിറ്റേന്നു വൈകിട്ട് ബോധം തിരിച്ചു കിട്ടുമ്പോള്‍ ഓടയില്‍ വീണു കിടക്കുകയാണ്. ഫോണ്‍ നഷ്ടപ്പെട്ടു. പഴ്‌സില്‍ സൂക്ഷിച്ചിരുന്ന ഇ റിക്ഷയുടെ മാസക്കുടിശിക അടയ്ക്കാന്‍ സൂക്ഷിച്ചിരുന്ന 8000 രൂപ, പാന്‍, ആധാര്‍, എടിഎം കാര്‍ഡ് ഇവയെല്ലാം നഷ്ടമായി. ഒപ്പം വണ്ടിയും. പൊലീസ് കേസെടുത്തെങ്കിലും പുരോഗതി ഒന്നും ഉണ്ടായില്ല.
ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥ. മകന്‍ രാഹുല്‍ 12ലും ഇളയ മകള്‍ രാധിക 10ലും ഇളയ മകന്‍ മണികണ്ഠന്‍ ഒന്‍പതിലും പഠിക്കുന്നു. ഭാര്യ ലക്ഷ്മിക്ക് ചെറിയ ജോലിയില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമായി ആശ്രയം. ഇറിക്ഷയുടെ കടവും ബാക്കി. എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുമ്പോഴാണു നഴ്‌സുമാര്‍ മാലാഖമാരുടെ രൂപത്തിലെത്തിയത്.
രമേശ് ചന്ദ്രനെ കൊള്ളയടിച്ചതു സംബന്ധച്ച വാര്‍ത്ത മലയാളം പത്രത്തില്‍ വായിച്ച ജിടിബി ആശുപത്രിയിലെ നഴ്‌സ് അനില്‍ പുതുശേരിയും സുഹൃത്തുക്കളായ ജിനോയും അനുരാജും അദ്ദേഹത്തിന്റെ ശക്കുര്‍പുരിലെ വീട്ടിലെത്തുകയായിരുന്നു. ഒരു മുറി വീട്ടില്‍ 5 കുടുംബാംഗങ്ങള്‍ കഴിയുന്ന ദയനീയ കാഴ്ച. ചെറിയ സഹായം നല്‍കുന്നതില്‍ കാര്യമില്ലെന്നു തിരിച്ചറിഞ്ഞ് ഒരു ഇറിക്ഷ വാങ്ങിനല്‍കാന്‍ പദ്ധതിയിടുകയായിരുന്നു. ഇവര്‍ തങ്ങളുടെ ആശുപത്രിയിലെ വാട്‌സാപ് ഗ്രൂപ്പില്‍ രമേശിന്റെ സാഹചര്യങ്ങള്‍ വിവരിച്ച് സന്ദേശമിട്ടു. ഒറ്റ ദിവസം കൊണ്ടു സമാഹരിച്ചത് 30,000ത്തോളം രൂപ.
കൂടാതെ രാജീവ്ഗാന്ധി, ഇഹ്ബാസ് തുടങ്ങിയ ആശുപത്രികളിലെ സുഹൃത്തുക്കള്‍ക്കും സന്ദേശമയച്ചു. ദില്‍ഷാദ് ഗാര്‍ഡനില്‍ താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ വിജയന്‍ ഗ്രാമഭവന്‍ ഉള്‍പ്പെടെയുള്ളവരും സംഭവത്തില്‍ ഇടപെട്ടു. വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന സെന്തില്‍, അലക്‌സ്, ജില്‍സ്, പോളി, മനോജ്, ജാന്‍സമ്മ, ബിന്ദു എന്നിവരെല്ലാം പിന്തുണയുമായി ഒപ്പം ചേര്‍ന്നു. 6 ദിവസംകൊണ്ട് ഒന്നരലക്ഷത്തിലേറെ രൂപ സമാഹരിച്ചു. രമേശിനു പുതിയ ഇറിക്ഷ വാങ്ങിനല്‍കാന്‍ തീരുമാനച്ചു. റിക്ഷയുടെ താക്കോല്‍ ദാനം ജസ്റ്റിസ് കുര്യന്‍ ജോസഫ് നിര്‍വ്വഹിച്ചു. സീ ന്യൂസിനുവേണ്ടി വിവരങ്ങള്‍ നല്‍കിയത് തോമസ് ജെ മരിയദാസ്സ് ആണ്.. വഴിമുട്ടിയ ജീവിതത്തിന് പുതിയ വഴികാട്ടിയായി രമേശനൊപ്പം ഇ റിക്ഷയും...
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.