ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കണം: മാർ ജോസഫ് പെരുന്തോട്ടം

ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കണം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോൾ വോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കണമെന്നാണ് അതിരൂപത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ കുറിപ്പ്‌

നമ്മുടെ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണല്ലോ. ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും സുപ്രധാനമായ അവകാശവും ഗൗരവമേറിയ ചുമതലയുമാണ്. വോട്ടവകാശമുള്ള എല്ലാവരും യാതൊരു ഉദാസീനതയും കൂടാതെ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവസാന സമയത്തേക്ക് മാറ്റി വയ്ക്കാതെ നേരത്തെ തന്നെ വോട്ടു ചെയ്യുവാന്‍ ഏവരും ശ്രദ്ധിക്കണം. വോട്ടു പാഴായി പോകാതിരിക്കാന്‍ ജാഗ്രത വേണം.

രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കു വേണ്ടി നില കൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകണം ജനപ്രതിനിധികള്‍. രാജ്യത്തിന്റെ ഭരണഘടന, ജനാധിപത്യമൂല്യങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടത്. അവര്‍ അഴിമതിക്കും അക്രമത്തിനും കൂട്ടു നില്‍ക്കുന്നവരാകരുത്.

സ്വന്തം നേട്ടത്തിനു വേണ്ടിയല്ലാതെ പൊതുജനക്ഷേമം ലക്ഷ്യം വെച്ച്‌ പ്രവര്‍ത്തിക്കുന്നവരാകണം. മതസൗഹാര്‍ദതയ്ക്കു യാതൊരു കോട്ടവും വരാതിരിക്കാന്‍ പരിശ്രമിക്കുന്നവരാകണം രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരേണ്ടത്. നീതിയും ധര്‍മവും പുലരുന്ന ഒരു രാഷ്ട്രത്തിന്റെ ശില്പികള്‍ ആകേണ്ടവരാണ് ഭരണാധികാരികള്‍. നിഷ്പക്ഷതയോടെ ജനങ്ങളെ സേവിക്കാന്‍ അവര്‍ തയ്യാറാകണം.

രാജ്യത്തിന്റെ ജനാധിപത്യം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാകുന്നത് ഓരോ പൗരനും സ്വതന്ത്രമായും ഉത്തരവാദിത്തത്തോടെയും ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിന് തന്റെ വോട്ടവകാശം വിനിയോഗിക്കുമ്പോഴാണ്. അതിനാല്‍ ആരുയെും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കും ദുസ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ ഉത്തമബോധ്യത്തോടെ ശരിയായ ക്രൈസ്തവ മനസാക്ഷി അനുസരിച്ച്‌ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.

എല്ലാ അധികാരവും ദൈവത്തില്‍ നിന്നാണ്. രാഷ്ട്രീയാധികാരം രാഷ്ട്രത്തെ നന്മയിലും നീതിയിലും ധര്‍മനിഷ്ഠയിലും നയിക്കാന്‍ വേണ്ടി നല്‍കപ്പെട്ടിരിക്കുന്നു. അത് ഏകാധിപത്യത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ശൈലി ആകരുത്. ജനാധിപത്യം അഭംഗുരം സംരക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിലൂടെ രാജ്യത്താകമാനം ഉത്തമ ഭരണസംവിധാനം സംജാതമാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. എല്ലാവര്‍ക്കും ഉയര്‍പ്പു തിരുന്നാളിന്റെ അനുഗ്രഹാശംസകള്‍ നേരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.