വത്തിക്കാൻ സിറ്റി: ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത് വേഗത്തിലാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. മഹാമാരിക്കാലത്ത് പ്രത്യാശ കൈവിടരുതെന്നും അദ്ദേഹം തന്റെ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. കോവിഡ് മൂലമുള്ള സാമൂഹിക സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായി തുടരുമ്പോഴും സായുധ പോരാട്ടങ്ങള്‍ ശക്തിപ്പെടുന്നതിനെയും സൈനിക ചെലവുകള്‍ വര്‍ധിക്കുന്നതിനെയും ഫ്രാന്‍സിസ് പാപ്പ അപലപിച്ചു.
കോവിഡ് ആരംഭിച്ചശേഷമുള്ള രണ്ടാം വര്‍ഷത്തെ ഈസ്റ്റര്‍ ചടങ്ങുകള്‍ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നൂറോളം പേര്‍ മാത്രമാണ് ഒത്തുചേര്‍ന്നത്. മഹാമാരി ഇപ്പോഴും പടരുകയാണ്. അതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി തുടരുന്നു-പ്രത്യേകിച്ച് ദരിദ്ര വിഭാഗങ്ങളാണ് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. കോവിഡുമായുള്ള പോരാട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആയുധം വാക്‌സിനാണ്. ദരിദ്ര രാജ്യങ്ങളില്‍ വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
സിറിയ, യെമന്‍, ലിബിയ അടക്കമുള്ള യുദ്ധമേഖലകളില്‍ താമസിക്കുന്നവര്‍, ദുര്‍ബലരായ രോഗികള്‍, കുടിയേറ്റക്കാര്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, എന്നിവരിലാണ് മാര്‍പ്പാപ്പ തന്റെ ഈസ്റ്റര്‍ദിന സന്ദേശം കേന്ദ്രീകരിച്ചത്. ദശലക്ഷക്കണക്കിന് ആളുകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന സിറിയയിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധവും പട്ടിണിയും മൂലം നിരവധി ആളുകള്‍ മരിച്ച യമനിലെ അവസ്ഥയെക്കുറിച്ചുള്ള നിസംഗതയും നിശബ്ദതയും ആശങ്കപ്പെടുത്തുന്നതായി പാപ്പാ പറഞ്ഞു.
മ്യാന്‍മറിലെ ചെറുപ്പക്കാര്‍ ജനാധിപത്യത്തെ പിന്തുണയ്ക്കുകയും ആവശ്യങ്ങള്‍ സമാധാനപരമായി ഉയര്‍ത്തുന്നതിനും പ്രതിജ്ഞാബദ്ധരാണെന്നും വിദ്വേഷത്തെ സ്‌നേഹത്തിലൂടെ മാത്രമേ ഇല്ലാതാക്കാന്‍ കഴിയൂ എന്നും പാപ്പ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.