കൊച്ചി: പതിനഞ്ചാമത് കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് തുടക്കമായി. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 131 മണ്ഡലങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴ് വരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറ് വരെയുമാണ് വോട്ടെടുപ്പ്. 957 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്.
മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. 1,32,83,727 പുരുഷന്മാരും 1,41,62,025 സ്ത്രീകളും 290 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 2,74,46,039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5,18,520 പേര്‍ കന്നി വോട്ടര്‍മാരാണ്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്. 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 15000 ത്തോളം പോളിംഗ് ബൂത്തുകളാണ് അധികമായി ഒരുക്കിയിരിക്കുന്നത്. കോവിഡ് മാനദണ്ഡവും ഹരിത ചട്ടവും പാലിച്ചായിരിക്കും വോട്ടെടുപ്പ്.
80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍വോട്ട് ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും അവസാന മണിക്കൂറില്‍ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് പരസഹായമില്ലാതെ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും.
ഓേേരാ നിയമസഭാ മണ്ഡലത്തിലും പോളിംഗ് സാമാഗ്രികള്‍ വിതരണം ചെയ്യുന്നതിന് പ്രത്യേകം കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. വോട്ടിംഗ് മെഷിനും വിവിപാറ്റും അടങ്ങുന്ന കിറ്റ് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി. സാനിറ്റൈസറിനും, മാസ്‌കിനും പുറമേ ഓരോ ബൂത്തിലും ഒരു പിപിഇ കിറ്റും നല്‍കിയിട്ടുണ്ട്. രാവിലെ ആറിന് തന്നെ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷിന്റെ പ്രവര്‍ത്തനം ഉറപ്പാക്കി.
മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒന്‍പതു മണ്ഡലങ്ങളില്‍ വൈകിട്ട് ആറുവരെ മാത്രമായിരിക്കും വോട്ടെടുപ്പ്. സുരക്ഷാ ചുമതലയ്ക്കായി കേരള പൊലീസിന്റെ 59,292 ഉദ്യോഗസ്ഥര്‍ക്കൊപ്പം കേന്ദ്ര സേനയും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ അതിര്‍ത്തികള്‍ അടച്ചു. നിയന്ത്രണം കേന്ദ്രസേനയെ ഏല്‍പ്പിച്ചിരിക്കുകയാണ്.
ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ വരുന്നവരെ മടക്കി അയക്കാനാണ് ജില്ലാ ഭരണകൂടം സേനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര സേനക്കൊപ്പം പൊലീസും റവന്യു ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി ചെക്ക് പോസ്റ്റുകളില്‍ ഉണ്ടാകും. സമാന്തര, വനപാതകളിലും നിരീക്ഷണം ഉണ്ടാകും. കഴിഞ്ഞ തവണ ആളുകളെ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ കമ്പംമേട്ട് ചെക്ക് പോസ്റ്റിലാണ് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.