'40 ഡേയ്സ് ഫോർ ലൈഫ്'; വലിയ നോമ്പിലെ പ്രാർത്ഥനാ ദിനങ്ങൾ വഴി രക്ഷപ്പെട്ടത് 505 കുഞ്ഞുങ്ങൾ

'40 ഡേയ്സ് ഫോർ ലൈഫ്'; വലിയ നോമ്പിലെ പ്രാർത്ഥനാ ദിനങ്ങൾ വഴി രക്ഷപ്പെട്ടത് 505 കുഞ്ഞുങ്ങൾ

വാഷിങ്ടണ്‍: ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുമ്പിൻ വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്തിയ 40 ദിവസത്തെ പ്രാർത്ഥനയും ഉപവാസവും വഴി ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 505 കുഞ്ഞുങ്ങളാണ്. പ്രോ ലൈഫ് സന്നദ്ധ സംഘടനയായ '40 ഡേയ്‌സ് ഫോർ ലൈഫ്’ വിഭൂതി തിരുനാൾ ദിനമായ ഫെബ്രുവരി 17മുതൽ ഓശാന ഞായറായ മാർച്ച് 28വരെയുള്ള ദിവസങ്ങളിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ‘ലെന്റൻ കാംപെയിനി’ന്റെ ഫലമാണിത്. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സംഘടന ഈ കണക്ക് പുറത്തുവിട്ടത്.


2004ലാണ് '40 ഡേയ്‌സ് ഫോർ ലൈഫ്’ സ്ഥാപിതമായത്. 40 ദിവസം നീളുന്ന ജാഗരണപ്രാർത്ഥനകൾ, ഉപവാസം, വിവിധ സമൂഹങ്ങളിലേക്ക് ഇറങ്ങിചെന്നുള്ള പ്രവർത്തനങ്ങൾ, എന്നിവയിലൂടെ ഗർഭച്ഛിദ്രം അവസാനിപ്പിക്കാനുള്ള ദൈവത്തിന്റെ സവിശേഷമായ വിളിക്ക് കാതോർത്ത നാല് പേരായിരുന്നു ഇതിന് പിന്നിൽ. 2007ൽ സംഘടിപ്പിച്ച ആദ്യത്തെ ദേശീയ കാംപെയിനിൽ 33 വേദികളേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ ഇന്ന് 30 രാജ്യങ്ങളിലെ 500ൽപ്പരം നഗരങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമാണ് '40 ഡേയ്‌സ് ഫോർ ലൈഫ്.’


'40 ഡേയ്‌സ് ഫോർ ലൈഫ്’ നിരവധി ഗർഭസ്ഥ ശിശുക്കൾക്ക് ജനിക്കാൻ അവസരമൊരുക്കുകയും അനേകരെ പ്രോ ലൈഫ് പടയാളികളാക്കി മാറ്റുകയും ചെയ്ത സന്നദ്ധസംഘടനയാണ്. ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോ ലൈഫ് ക്യാംപെയിനാണ് '40 ഡേയ്‌സ് ഫോർ ലൈഫ്’. സംഘടന ഇത്തവണ ലെന്റൻ കാംപെയിൻ സംഘടിപ്പിച്ചത് 567 നഗരങ്ങളിലാണ്.

എന്നാൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്കു സമീപം ക്രമീകരിച്ച താൽക്കാലിക ബലിവേദികളിൽ ബിഷപ്പുമാരും വൈദികരും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും അർപ്പിക്കുന്നതും കാംപെയിന്റെ പ്രത്യേക സവിശേഷതയാണ്.
നിർബന്ധബുദ്ധി പ്രകടിപ്പിച്ചുകൊണ്ടല്ല പകരം, ഗർഭച്ഛിദ്രത്തിന് തയാറായി ക്ലിനിക്കിലേക്ക് എത്തുന്നവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിച്ചും അവർക്ക് അവശ്യമായ ബോധവത്ക്കരണം നൽകിയുമാണ് ഈ നേട്ടം ടീം '40 ഡേയ്‌സ്’ കരസ്ഥമാക്കിയത് എന്നത് ശ്രദ്ധേയമാണ്.

അതേസമയം എന്തും ചെയ്യാൻ മടിയില്ലാത്ത ഗർഭച്ഛിദ്ര ലോബിയുടെ സർവവിധ പിന്തുണയുള്ള ഗർഭച്ഛിദ്ര ക്ലിനിക്കുകളെ നേരിടാൻ പ്രോ ലൈഫ് സന്ദേശങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡും ജപമാലയും പിടിച്ച ഒരു ചെറുകൂട്ടം പലർക്കും കൗതുകക്കാഴ്ചയായി തോന്നാമെങ്കിലും വ്യത്യസ്ഥമായ ഈ സമര രീതിയുടെ ഗുണഫലങ്ങൾ പക്ഷേ ആരെയും അമ്പരപ്പിക്കും.

എന്നാൽ ഇതിനകം സംരക്ഷിക്കപ്പെട്ടത് 18,040 കുരുന്നു ജീവനുകളാണ്. അടച്ചുപൂട്ടിക്കാനായത് 109 ഗർഭച്ഛിദ്ര കേന്ദ്രങ്ങളും. 211 പേർ ഗർഭച്ഛിദ്രക്ലിനിക്കിലെ തൊഴിലിൽനിന്ന് പിൻവാങ്ങി. അവിടങ്ങളിലെ ജോലി ഉപേക്ഷിച്ചവരെല്ലാം ഇന്ന് '40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ വക്താക്കളാണെന്നതും ശ്രദ്ധേയമാണ്. എന്നിങ്ങനെ നീളുന്നതാണ് 2007 മുതൽ ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങളുടെ പട്ടിക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.