ഛത്തീസ്ഗഢ്: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്തി. മഹാരാഷ്ട്രയ്ക്കും ഡല്‍ഹിയ്ക്കും പിന്നാലെയാണ് പഞ്ചാബിലും രാത്രികാല കര്‍ഫ്യൂ. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. രാത്രി ഒൻപത് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. രോഗവ്യാപനം കണക്കിലെടുത്ത് നേരത്തെ പഞ്ചാബിലെ 12 ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്തിയിരുന്നു.
സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്നും പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ 85 ശതമാനവും വൈറസിന്റെ യുകെ വകഭേദമാണെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. പുതിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റുവഴികളില്ലെന്നും അമരീന്ദര്‍ സിങ് വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങളും ഏപ്രില്‍ 30 വരെ സര്‍കാര്‍ വിലക്കിയിട്ടുണ്ട്. ഹാളുകളില്‍ നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളു. തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പരമാവധി 100 പേരെയും പങ്കെടുപ്പിക്കാം. ഏപ്രില്‍ 30 വരെ മറ്റു സാമൂഹിക, സാംസ്‌കാരിക, കായിക പരിപാടികള്‍ക്കെല്ലാം വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.