കടല്‍ക്കൊല കേസ്: പത്തുകോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി

കടല്‍ക്കൊല കേസ്: പത്തുകോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി

ന്യുഡല്‍ഹി: കടല്‍ക്കൊല കേസില്‍ പത്തുകോടി രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം സംബന്ധിച്ച് ധാരണയിലെത്തിയെന്നും അതുകൊണ്ട് കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം നല്‍കുന്ന അക്കൗണ്ടില്‍ മൂന്ന് ദിവസത്തിനകം പണം നിക്ഷേപിക്കാമെന്ന് ഇറ്റലി വ്യക്തമാക്കി. കോടതിയായിരിക്കും ഇത് മരണപ്പെട്ടവരുടെ ബന്ധുകള്‍ക്ക് വീതിച്ചു നല്‍കുക.

2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളതീരത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ 20.5 നോട്ടിക്കല്‍ മൈല്‍ അകലെ മീന്‍പിടിക്കുകയായിരുന്ന സെന്റ് ആന്റണീസ് എന്ന ബോട്ടിന് നേരെ ഇറ്റലിയുടെ ചരക്ക് കപ്പലായ എന്റിക ലെക്‌സിയില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന നാവികര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് ഇറ്റലിയുടെ ഔദ്യോഗികഭാഷ്യം. സംഭവത്തില്‍ നീണ്ടകര മൂതാക്കരയിലെ ജെലസ്റ്റിന്‍ വാലന്റൈന്‍ (44), തമിഴ്‌നാട് കുളച്ചല്‍ സ്വദേശി അജീഷ് പിങ്കു (22) എന്നീ രണ്ട് മീന്‍പിടുത്തക്കാര്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് തന്ത്രപരമായി കൊച്ചിയിലെത്തിച്ച കപ്പലില്‍നിന്ന് നാവികരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോര്‍ ജിറോണും മാസിമിലിയാനോ ലാത്തോറും പിടിയിലാവുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.