ദുബായ് : ഒരു ടീം തുടർച്ചയായ പരാജയങ്ങളേറ്റു വാങ്ങുമ്പോള്‍ ആ ടീമിനുളളില്‍ അംഗങ്ങള്‍ സന്തോഷവാന്മാരല്ലെന്നോ തൃപ്തരല്ലെന്നോ ഒക്കെയുളള വിലയിരുത്തലുകള്‍ വന്നേക്കാം. എന്നാല്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ചിടത്തോളം അവരുടെ ഐപിഎല്‍ തയ്യാറെടുപ്പുകളുടെ സമയത്ത് തന്നെ ചില പ്രശ്നങ്ങളുണ്ടെന്നുളള സൂചന ലഭിച്ചിരുന്നു. ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ കൊണ്ട് സുരേഷ് റെയ്ന ടീമിന് പുറത്തേക്ക് പോകുന്നു, ഹർഭജന്‍ സിംഗും പുറത്തേക്ക് പോകുന്നു. ആദ്യമത്സരത്തില്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചുകൊണ്ട് ഗംഭീര തുടക്കം. അംബാട്ടി റായിഡുവിന്റെഫോമും ധോനിയുടെ ക്യാപ്റ്റന്‍സിയും മികച്ച് നിന്ന് മത്സരമായിരുന്നു അത്. അതിനുശേഷമുളള മത്സരങ്ങള്‍ നോക്കുമ്പോള്‍, കൃത്യസമയത്ത്, ആരെ എവിടെ ഉപയോഗിക്കണം എന്നത് സംബന്ധിച്ചുളള തീരുമാനത്തിലേക്ക് എത്താന്‍ സാധിക്കുന്നില്ല. മാത്രമല്ല അവർ നിയോഗിച്ചവർക്ക് ഫോമിലേക്ക് എത്താനും സാധിച്ചില്ല. ദീപക് ചാഹറിന്‍റേയും ഷർദ്ദുല്‍ ഠാക്കൂറിന്‍റേയും ശ്രദ്ധേയമായ ചില ഓവറുകള്‍ മാറ്റി നിർത്തി കഴിഞ്ഞാല്‍ ചെന്നൈയുടെ ബാറ്റിംഗ് നിരയില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുന്ന ഒന്നും ഇതുവരെയും കണ്ടില്ല. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വയസന്‍ പടയാണെന്ന് വിമർശിച്ചവരുടെ മുന്നില്‍ കുട്ടിക്രിക്കറ്റില്‍ പോലും പരിചയസമ്പന്നതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് തെളിയിച്ച് ഗംഭീര പ്രകടനം നടത്തിയ ടീമാണ് ചെന്നൈ. പക്ഷെ ഇന്നത്തെ ചെന്നൈയുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ഡു പ്ലെസിയെ മാറ്റിനിർത്തിയാല്‍ മറ്റാർക്കും അവരുടെ നിലവാരത്തിനനുസരിച്ച് ഫീല്‍ഡിനുളളില്‍ ഉയരാന്‍ സാധിക്കുന്നില്ല. ബ്രാവോ കൂടി യെത്തിയതോടെ ടീം സന്തുലനമായെങ്കില്‍ പോലും പതുക്കെ കളിക്കുന്ന രീതി പിന്തുടരുന്ന ചെന്നൈയ്ക്ക് ജയിക്കുമെന്ന് തോന്നുന്ന മത്സരങ്ങള്‍ പോലും കൈവിട്ട് പോവുകയാണ്. ചെന്നൈ എന്ന ടീമിന്റെ കളിരീതി ഇതല്ല. അതിനൊരു പ്രധാന കാരണമായി തോന്നുന്നത് ചെപ്പോക്കിലെ തിരിയുന്ന വിക്കറ്റില്‍ കളിച്ച് ശീലിച്ച ടീമിന് പുറത്തെ വിക്കറ്റില്‍ കളിക്കുമ്പോള്‍ അത് അത്ര സുഖകരമാകുന്നുണ്ടാകില്ലയെന്നുളളതാണ്. അത് മുന്നില്‍ കണ്ടുകൊണ്ട് ടീമിനെ ഒരുക്കിയിട്ടുണ്ട് വാസ്തവത്തില്‍ ചെന്നൈ. ടീമിലുളള ലെഗ് സ്പിന്നേഴ്സിന്റെഎണ്ണം നോക്കുമ്പോള്‍ തന്നെ അതു മനസിലാകുന്നുണ്ട്. ഇമ്രാന്‍ താഹിർ പുറത്തുനില്‍ക്കുന്നു. പീയൂഷ് ചൗള, കരണ്‍ ശർമ, സായി കിഷോർ, രവീന്ദ്രജഡേജ കൂടാതെ ഹർബജന്‍സിംഗും. മധ്യനിര ബാറ്റിംഗിന് വലിയ ശ്രദ്ധകൊടുക്കാതെ സ്പിന്‍ ബൗളിംഗിന് കൂടുതല്‍ പ്രാധാന്യം നല്കിയാണ് ടീമിനെ ഒരുക്കിയത്. അതോടൊപ്പം സുരേഷ് റെയ്ന കൂടി പോയപ്പോള്‍, രണ്ടാം വിക്കറ്റ് കീപ്പറെ ബാറ്റ്സ്മാനായി കളിപ്പിക്കേണ്ടി വരുന്നുണ്ട് ചെന്നൈയ്ക്ക്. തമിഴ് നാടിന്റെ രഞ്ജി ടീമില്‍ പോലും ബാറ്റ്സ്മാനായി കളിക്കാന്‍ കഴിയാത്ത താരമാണ് എന്‍ ജഗദീഷ്. അങ്ങനെയൊരാള്‍ക്ക് ഐപിഎല്‍ സീസണില്‍ ബാറ്റ്സ്മാനായി സ്ഥാനം കിട്ടുമ്പോള്‍ അവരുടെ ബാറ്റിംഗ് നിര എത്രത്തോളം ദുർബലമാണെന്നുളളതു തന്നെയാണ് ചോദ്യം. ടീം അംഗങ്ങള്‍ സമ്മർദ്ദത്തിലാണ് കളിക്കുന്നതെന്നുളള തോന്നല്‍ അവരുടെ പ്രകടത്തിലുണ്ട്. ജയിച്ചുവെന്ന് തോന്നിച്ച മത്സരങ്ങള്‍ പോലും ചെറിയ ചെറിയ വീഴ്ചകള്‍ കൊണ്ട് കൈവിട്ട് പോകുന്നു. പരസ്പരമുളള വിശ്വാസവും സ്നേഹവും നഷ്ടമാകുന്നു. ധോണിയെന്ന ക്യാപ്റ്റന്റെ കീഴില്‍ അദ്ദേഹം വിശ്വാസമർപ്പിച്ച പലരും പ്രകടനത്തില്‍ മോശമാകുന്നു. ഇതൊക്കെ ചെന്നൈയെ തളർത്തിയിട്ടുണ്ടെന്നുളളതാണ് യഥാർത്ഥ്യം. പ്രകടത്തില്‍ മോശമാകുന്നവരെ മാറ്റിനിർത്തി പരീക്ഷിക്കാന്‍ പുതിയ ആളുകളില്ലെന്നുളളതും ചെന്നൈയുടെ പോരായ്മയാണ്.
ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സിലേക്ക് വരുമ്പോള്‍ ഗംഭീര പ്രകടനമായിരുന്നുവെന്ന് ഒറ്റവാക്കില്‍ പറയാം. ചില അനുകൂല ഘടകങ്ങള്‍ ബാംഗ്ലൂരിനുണ്ടെന്നുളളതും പറയണം. പവർ പ്ലേ ഓവറുകളില്‍ കൂറ്റനടികള്‍ക്ക് മുതിരേണ്ടതില്ല കാരണം അത്തരം ഒരു ടീമാണ് ബാംഗ്ലൂരിന്‍റേത്. ആരണ്‍ ഫിഞ്ചിന് കൂറ്റനടികള്‍ക്കുളള സ്വാതന്ത്ര്യമുണ്ടെങ്കിലും ഈ മത്സരത്തില്‍ അതുണ്ടായില്ല. തുടർന്നെത്തിയ വിരാട് കോലി ബാറ്റിംഗില്‍ ആദ്യ ഓവറുകളില്‍ ശ്രദ്ധിച്ച് കളിച്ച് പിന്നീട് ബാറ്റിംഗില്‍ താളം കണ്ടെത്തുകയും ചെയ്യുന്നു. ആരണ്‍ ഫിഞ്ചും എബിഡിവില്ലേഴ്സും ബാറ്റിംഗില്‍ പരാജയപ്പെട്ട മത്സരത്തില്‍ 170 വരെ ടോട്ടല്‍ സ്കോർ എത്താന്‍ സാധിച്ചുവെന്നുളളത് ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സിന് വലിയ ആത്മവിശ്വാസം നല്കുന്നുണ്ട്. പ്രൊഫഷണലിസത്തിന്‍റേയും ഫിറ്റ്നസിന്‍റേയും ഏറ്റവും നല്ല ഉദാഹരണമായി വിരാട് കോലിയുടെ ഇന്നത്തെ ബാറ്റിംഗ് പ്രകടനത്തെ കാണാം. ഒരു ഓവറില്‍ നാല് ഡബിളുകള്‍ ഓടാന്‍ കോലിക്ക് സാധിച്ചു. ഒരവസരത്തില്‍ രണ്ടാമത്തെ റണ്‍ ഡൈവ് ചെയ്ത് വിക്കറ്റിലേക്ക് സ്ലൈഡ് ചെയ്ത് കേറുന്ന വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ മുഖമാണ്. വളർന്നുവരുന്ന താരങ്ങള്‍ പ്രചോദനമാകാന്‍ വഴികാട്ടിയാകാന്‍ തക്കവണ്ണം വിരാട് കോലി വളർന്നിരിക്കുന്നുവെന്ന് പറയാതെ വയ്യ. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മികവ് പുലർത്താനും വിജയം പിടിച്ചുവാങ്ങാനും ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട്. വിരാട് കോലിയെന്ന നായകനെടുത്ത തീരുമാനങ്ങള്‍ മാത്രമല്ല ടീമിനുളളില്‍ പരസ്പരം സ്നേഹവും വിശ്വാസവും ഉണ്ടാക്കിയെടുക്കുന്നതിനുളള മികവും കോലിയില്‍ നിന്നുണ്ടായി. പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നല്ല ഒരു നല്ല ടീം ലൈനപ്പുണ്ടാക്കിയെടുക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കഴിഞ്ഞുവെന്നുളളതാണ് ചുരുക്കം. ക്രിസ് മോറിസെന്ന ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളർ വരുന്നതോടുകൂടി ന്യൂ ബോളില്‍ ഒന്നോ രണ്ടോ നല്ല ഓവറുകള്‍ അതിനുശേഷം കോലിക്ക് വിശ്വസിച്ച് പന്തേല്‍പിക്കാന്‍ ക്രിസ് മോറിസ്, ഇസ്രു ഉഡാന. പലപ്പോഴും മത്സരം കൈവിട്ട് പോകുന്നയിടത്ത് ചെന്നൈയ്ക്ക് എതിരായ മത്സരത്തില്‍ ക്രിസ് മോറിസിന്റെ വരവോടെ ആ കാര്യത്തിലും ടീമിന് ആത്മവിശ്വാസമായി. മറ്റൊരു ശ്രദ്ധേയ പ്രകടനം നവ് ദീപ് സൈനിയുടേതാണ്. ബൗളിംഗ് യൂണിറ്റിന്റെ നായകനായി ക്രിസ് മോറിസ് മാറിയെന്നുളള സൂചനയാണ് ഗ്രൗണ്ടില്‍ കണ്ടത്. വിരാട് കോലിയുടെ ബാറ്റിംഗ് പ്രകടനം , എക്സ്ട്രാ ബാറ്റ്സ്മാനെ കളിപ്പിക്കാനെടുത്ത തീരുമാനം എല്ലാം കൊണ്ടും നല്ല സമയങ്ങളിലേക്കായിരിക്കും ബാംഗ്ലൂരിന്റെ ഇനിയുളള മത്സരങ്ങളെന്ന് വേണം കരുതാന്‍.
സ്കോർ
RCB 169/4 (20)CSK 132/8 (20)
സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.