മണ്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീശന്‍ തൂങ്ങി മരിച്ച നിലയില്‍

 മണ്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീശന്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്ത് ആത്മഹത്യ ചെയ്ത നിലയില്‍. വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആളൊഴിഞ്ഞ കാലിക്കുളമ്പ് പറമ്പില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി കൂടിയാണ് രതീഷ് കൂലോത്ത്. നാട്ടുകാരാണ് പറമ്പില്‍ മൃതദേഹം തൂങ്ങി നില്‍ക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ചൊക്ലി പോലീസ്, നാദാപുരം ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മന്‍സൂറിനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ട രതീഷ് കൃത്യം നിര്‍വഹിച്ച ശേഷം ഒളിവില്‍ പോയിരുന്നു. രതീഷിനായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട മന്‍സൂറിന്റെ വീടിന് സമീപം അഞ്ചാമത്തെ വീട്ടിലാണ് രതീഷ് താമസിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂര്‍ (22) കൊല്ലപ്പെട്ടത്. രാത്രി എട്ടു മണിയോടെ വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

മന്‍സൂറിന്റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെയെന്ന് പോലീസ് കണ്ടെത്തി. റിമാന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിച്ച ഷിനോസിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.