ഒരു കിലോയ്ക്ക് നാല് ലക്ഷത്തിലുമധികം രൂപ; അറിയാം ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റിനെക്കുറിച്ച്

ഒരു കിലോയ്ക്ക് നാല് ലക്ഷത്തിലുമധികം രൂപ; അറിയാം ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റിനെക്കുറിച്ച്

ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരുണ്ട്... കുട്ടികള്‍ക്ക് മാത്രമല്ല കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം പ്രിയപ്പെട്ടതാണ് ചോക്ലേറ്റ്. ചിലപ്പോള്‍ സമ്മാനമായി, അല്ലെങ്കില്‍ സന്തോഷം പങ്കുവയ്ക്കാനായി അതുമല്ലെങ്കില്‍ പ്രണോയപഹാരമായി മറ്റു ചിലപ്പോള്‍ പരിഭവങ്ങള്‍ തീര്‍ക്കാനായി.... അങ്ങനെ എത്രയെത്ര കാര്യങ്ങള്‍ക്കാണ് നാം ചോക്ലേറ്റുകള്‍ കൈമാറുന്നത്. വ്യത്യസ്ത രുചിയില്‍ വേറിട്ട വിലയില്‍ പല വകഭേദങ്ങളിലുള്ള ചോക്ലേറ്റുകള്‍ വിപണികളില്‍ സുലഭമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്ലേറ്റ് ഏതാണെന്ന് അറിയാമോ...


ഐടിസിയുടെ ചേക്ലേറ്റ് ബ്രാന്‍ഡായ ഫാബെല്ലോ പുറത്തിറക്കിയ ട്രിനിറ്റി- ട്രഫിള്‍സ് എക്‌സ്ട്രാ ഓര്‍ഡിനെയര്‍ ആണ് ലോകത്തിലെ ഏറ്റവും വിലയേറിയ ചോക്ലേറ്റ്. ഒരു കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്റെ വില. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ചോക്ലേറ്റ് എന്ന നിലയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട് ഈ ചോക്ലേറ്റ്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൊക്കോയാണ് ഈ ചോക്ലേറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അപൂര്‍വ്വമായ ചില ചേരുവകളും ചോക്ലേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മിഷേലിന്‍ സ്റ്റാര്‍ ഷെഫ് ഫിലിപ്പ് കോണ്ടിസിനിയുമായി ചേര്‍ന്നാണ് ഐടിസി ട്രിനിറ്റി- ട്രഫിള്‍സ് എക്‌സ്ട്രാ ഓര്‍ഡിനെയര്‍ ഉണ്ടാക്കിയിരിക്കുന്നത്.


കോണ്ടിസിനിയും ഫാബെല്ലോയിലെ ജീവനക്കാരും മാസങ്ങളോളും പണിപ്പെട്ടിട്ടാണ് ശ്രേഷ്ഠമായ ഈ ചോക്ലേറ്റ് തയാറാക്കി എടുത്തത്. ലോകത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നുമുള്ള കൊക്കോ ഈ ചോക്ലേറ്റിലാക്കായി ഉപയോഗിച്ചിരിക്കുന്നു. കൊക്കോ തന്നെയാണ് ഈ ചോക്ലേറ്റിലെ പ്രധാന ചേരുവയും. അതേസമയം മുന്‍കൂട്ടി ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് മാത്രമാണ് ഈ ചോക്ലേറ്റ് തയാറാക്കി നല്‍കുക.

സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ ആശയങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ചോക്ലേറ്റ് നിര്‍മിച്ചിരിക്കുന്നത്. തടികൊണ്ടു പ്രത്യേകമായി നിര്‍മിച്ച ബോക്‌സിലാണ് ചോക്ലേറ്റ് സൂക്ഷിക്കുന്നത്. ഒരു ബോക്‌സില്‍ 15 ട്രഫിളുകള്‍ ഉണ്ടാകും. പതിനഞ്ച് ഗ്രാമാണ് ഓരോ ചോക്ലേറ്റിന്റേയും ഭാരം. അതായത് ഒരു ബോക്‌സിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.