കോംഗോയിലെ രക്തച്ചൊരിച്ചിലും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ മെത്രാന്‍സമിതി

കോംഗോയിലെ രക്തച്ചൊരിച്ചിലും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ മെത്രാന്‍സമിതി

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിഴക്കന്‍ മേഖലകളിലെ രക്തച്ചൊരിച്ചിലും നിര്‍ബന്ധിത മതപരിവര്‍ത്തനവും അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥനയുമായി കോംഗോയിലെ കത്തോലിക്കാ മെത്രാന്‍സമിതി. രാജ്യത്തെ പൗരന്മരാരെ കൊന്നൊടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടും സമിതി പ്രസ്താവന പുറത്തിറക്കി. യുദ്ധം എല്ലാ ദുരിതങ്ങളുടെയും മാതാവാണ്. ഇത് സമൂഹത്തിലെ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കുകയും കുഞ്ഞുങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ആയുധമെടുത്തവരോടായി ഞങ്ങള്‍ പറയുന്നു; 'നിങ്ങളുടെ സഹോദരന്‍മാരെ കൊല്ലുന്നത് അവസാനിപ്പിക്കൂ'-ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 8നാണ് നാഷണല്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് കോംഗോ (സി.ഇഎന്‍.സി.ഒ) യുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ പ്രസ്താവന പുറത്തുവിട്ടത്.

'രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ സായുധ സംഘട്ടനങ്ങളും കൂട്ടക്കൊലയും രണ്ടു ദശകത്തിലധികമായി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടു. സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്'- കോംഗോയിലെ നോര്‍ത്ത് കിവു പ്രവിശ്യയിലെ ബ്യൂട്ടെംബോ ബെനിയിലെ ബിഷപ്പ് മെല്‍ക്കിസെഡെക് സിക്കുലി പാലുകു പറഞ്ഞു. അരക്ഷിതാവസ്ഥയ്ക്കും മരണത്തിനും കുടിയൊഴിപ്പിക്കലിനും നടുവിലാണ് ഇവിടത്തെ ജനങ്ങള്‍.

സായുധ സൈന്യത്തിന്റെ ദുര്‍ബലതകള്‍ മുതലെടുത്ത് അക്രമികള്‍ തങ്ങളുടെ രാഷ്ട്രീയപരവും മതപരവുമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നു മെത്രാന്‍മാര്‍ ആരോപിച്ചു. മതസ്വാതന്ത്ര്യം ഹനിച്ചുകൊണ്ട് മേഖലയില്‍ ഇസ്ലാമികവല്‍ക്കരണമാണ് അക്രമികളുടെ ലക്ഷ്യം. അവര്‍ ഭൂമി കൈയടക്കുകയും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുകയും ചെയ്യുന്നു. സമാധാനപൂര്‍ണമായ കുടുംബജീവിതം പോലും ജനങ്ങള്‍ക്കു നഷടപ്പെടുന്നു. ഇസ്ലാമിക വിമത ഗ്രൂപ്പായ ഡെമോക്രാറ്റിക് സഖ്യസേനയുടെ തട്ടിക്കൊണ്ടു പോകലില്‍നിന്നു രക്ഷപ്പെട്ട ക്രൈസ്തവര്‍ തങ്ങളെ നിര്‍ബന്ധപൂര്‍വം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തുവെന്ന് വെളിപ്പെടുത്തിയതായും സായുധരായ അക്രമികളില്‍ ചിലര്‍ക്ക് 'സാത്താനിസ'വുമായി ബന്ധമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

16,000 പേരടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ സമാധാനസേനയുടെ സാന്നിധ്യമുണ്ടായിട്ടുപോലും ആയുധധാരികളായ നിരവധി ഇസ്ലാമിക സംഘടനകളാണ് രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌നേഹത്തിലൂടേയും ഐക്യത്തിലൂടെയും മാത്രമേ തിന്മയെ മറികടക്കാനും അക്രമത്തിന്റെ ഭീഷണിയെ ഇല്ലാതാക്കാനും കഴിയുകയുള്ളൂവെന്ന് മെത്രാന്‍ സമിതി ഓര്‍മ്മിപ്പിച്ചു. ഇസ്ലാമിക വിമത പോരാളികളോട് അനുഭാവം പുലര്‍ത്തുന്ന സൈനിക ഉദ്യോഗസ്ഥരെ നീക്കം ചെയ്യണമെന്നും സൈന്യത്തിന്റെ മനോവീര്യവും ശേഷിയും വര്‍ധിപ്പിക്കണമെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമങ്ങള്‍ക്കിരയായ സഹോദരീസഹോദരന്‍മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്ത് ഈ വര്‍ഷം ജനുവരി 14 മുതല്‍ 26 വരെ അസോസിയേഷന്‍ ഓഫ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് സെന്‍ട്രല്‍ ആഫ്രിക്കയുടേയും (എ.സി.ഇ.എ.സി) നാഷ്ണല്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് ഓഫ് കോംഗോയുടേയും മെത്രാന്‍മാര്‍ സംയുക്തമായി രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ പ്രത്യേകിച്ച് ഗോമ, ബുട്ടെംബോ-ബെനി, ബുനിയ എന്നീ രൂപതകളില്‍ പ്രത്യേക അജപാലക മിഷനുകള്‍ സംഘടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.