വിജിലന്‍സ് റെയ്ഡ്; കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം പിടിച്ചെടുത്തു

വിജിലന്‍സ് റെയ്ഡ്; കെ.എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം  പിടിച്ചെടുത്തു

കണ്ണൂര്‍: അഴീക്കോട് എംഎല്‍എയും മുസ്ലീംലീഗ് നേതാവുമായ കെ.എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തു. വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഷാജിയുടെ കോഴിക്കോട് മാലൂര്‍ കുന്നിലെയും കണ്ണൂര്‍ ചാലാടിലേയും വീടുകളില്‍ വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച റെയ്ഡ് വൈകിയും തുടരുകയാണ്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞ ദിവസമാണ് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് റെയ്ഡ്. ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനം വര്‍ധനവുണ്ടായതായാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കണക്കാണ് വിജിലന്‍സ് പരിശോധിച്ചത്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അഭിഭാഷകനായ എം.ആര്‍. ഹരീഷ് നല്‍കിയ പരാതിയില്‍ ആണ് ഷാജിക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് കോടതി അനുമതി നല്‍കിയത്. കോഴിക്കോടുള്ള ഷാജിയുടെ വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോര്‍പറേഷനില്‍ നല്‍കിയ പ്ലാനിനേക്കാള്‍ വലിയ വീട് നിര്‍മാണം നടത്തിയെന്നായിരുന്നു അന്നുയര്‍ന്ന പരാതി. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടയ്ക്കാന്‍ ഷാജിക്ക് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.