ആലപ്പുഴ: പത്രസമ്മേളനത്തിലുടെ മന്ത്രി ജി.സുധാകരന്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ അമ്പരന്ന് സിപിഎം നേതൃത്വം. പത്രവാര്‍ത്തയ്ക്കു മറുപടി പറയാന്‍ വിളിച്ച പത്രസമ്മേളനം പാര്‍ട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. പത്രവാര്‍ത്തയ്ക്ക് മറുപടി പറയുന്നതിനെക്കാളുപരി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ചില പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ചുട്ടമറുപടി പറയുകകൂടിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് നേതാക്കള്‍ പറയുന്നത്.
സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജി. സുധാകരന്‍ വ്യക്തിപരമായ നേട്ടമായി പറഞ്ഞുവെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് നടത്തിയ വികസന നേട്ടങ്ങളെ മുന്‍നിര്‍ത്തി ''ഞാന്‍ പണിത പാലവും റോഡും കാണിച്ചല്ലേ 140 മണ്ഡലങ്ങളിലും വോട്ടുപിടിച്ചത്'' എന്ന് അദ്ദേഹം പറഞ്ഞുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 'ചെങ്ങന്നൂരില്‍ സജി ചെറിയാനുള്‍പ്പെടെ എന്റെ പാലവും റോഡും കാണിച്ചാണ് വോട്ടുപിടിച്ചത്' എന്ന് പേരെടുത്തു പറയുകയും ചെയ്തു.
പി. കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച് പ്രതിമ തകര്‍ത്ത സംഭവം ഇപ്പോഴും പാര്‍ട്ടിയെ വേട്ടയാടുന്ന വിഷയമാണ്. ഇതിന്റെ കനലുകള്‍ അടങ്ങിയെന്നു തോന്നിക്കുന്ന വേളയിലാണ് സുധാകരന്‍ വീണ്ടും അത് ചര്‍ച്ചയാക്കിയത്. പ്രതിമ തകര്‍ത്ത രാഷ്ട്രീയ ക്രിമിനലുകളാണ് തനിക്കെതിരേയും പ്രവര്‍ത്തിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സ്മാരകം ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതേവിട്ടെങ്കിലും പാര്‍ട്ടിയിലുള്ളവര്‍ക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നതിനിടയിലാണ് ഇത്തരമൊരു പരാമര്‍ശം.
തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവരില്ലെന്ന് അദ്ദേഹമോ ജില്ലയിലെ പാര്‍ട്ടിയോ വിചാരിച്ചിരുന്നില്ല. സുധാകരനെ അമ്പലപ്പുഴയിലും തോമസ് ഐസക്കിനെ ആലപ്പുഴയിലും മത്സരിപ്പിക്കണമെന്നാണ് അവസാനനിമിഷംവരെ ജില്ലാഘടകം ആവശ്യപ്പെട്ടിരുന്നത്. പാര്‍ട്ടി മാനദണ്ഡം എല്ലാവര്‍ക്കും ബാധകമാണെന്ന് സുധാകരന്‍ പരസ്യമായി പറഞ്ഞെങ്കിലും സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവര്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ഇതിനുപിന്നാലെയാണ് അമ്പലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എച്ച്. സലാമിന്റെ പ്രചാരണത്തിനായി അദ്ദേഹം സജീവമായി രംഗത്തിറങ്ങുന്നില്ലെന്ന ആരോപണമുയര്‍ന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടും തന്റെ പ്രവര്‍ത്തനത്തെ ചോദ്യംചെയ്യുന്ന രീതിയില്‍ ചില നേതാക്കള്‍ പ്രവര്‍ത്തിക്കുകയും നേതൃത്വത്തിന് പരാതിനല്‍കുകയും ചെയ്തതായാണ് അദ്ദേഹം കരുതുന്നത്. ഇതും പ്രകോപനത്തിനു കാരണമായിട്ടുണ്ടെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.
തിരഞ്ഞെടുപ്പുഫലം എതിരായാല്‍ ജില്ലയിലെ പാര്‍ട്ടിയില്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നാണു സൂചന. എന്നാല്‍ സുധാകരന്റെ പ്രതികരണത്തിനുമേല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തി പ്രശ്‌നം വഷളാക്കരുതെന്ന് സിപിഎം സംസ്ഥാന നേതൃത്വം നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.