കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് ആഴക്കടല്‍ മീന്‍പിടിത്തത്തിന് പുറപ്പെട്ട ബോട്ട് മംഗലാപുരത്ത് കപ്പലിലിടിച്ച് മൂന്ന് മരണം. ഒൻപത് പേരെ കാണാതായിട്ടുണ്ട്. രണ്ടുപേര്‍ രക്ഷപ്പെട്ടതായാണ് വിവരം. ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലില്‍ വച്ചാണ് ബോട്ടില്‍ കപ്പല്‍ ഇടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രിയാണ് ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മീന്‍പിടിത്തത്തിനായി പുറപ്പെട്ടത്.
എപിഎല്‍ ലീ ഹാവ്റെ എന്ന വിദേശകപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അപകടത്തില്‍ തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പല്‍ ഇപ്പോഴും അപകടസ്ഥലത്ത് തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന 14 പേരില്‍ ഏഴ് പേര്‍ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശികളുമാണ്.
മംഗലാപുരത്തുനിന്നും പടിഞ്ഞാറുഭാഗത്തായിട്ടാണ് കപ്പല്‍ ഇടിച്ച് ബോട്ട് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നുവെന്നാണ് വിവരം. മംഗലാപുരം കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും നല്‍കുന്ന വിവരം അനുസരിച്ച് 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഒന്‍പത് പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.