കോവിഡ് വ്യാപനം അതിശക്തം: പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തും

കോവിഡ് വ്യാപനം അതിശക്തം: പ്രധാനമന്ത്രി ഇന്ന് ഗവര്‍ണര്‍മാരുമായി  കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിശക്തമാകുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍മാരും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ന് വൈകിട്ട് ആറിനാണ് പ്രധാനമന്ത്രിയും ഗവര്‍ണര്‍മാരുമായുളള കൂടിക്കാഴ്ച. ഇതാദ്യമായാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഗവര്‍ണര്‍മാരുമായി കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്തെ കോവിഡ് വ്യാപനം ചെറുക്കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍മാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍മാരുമായുളള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് രാജ്യം. കോവിഡ് ആദ്യ തരംഗത്തിലെ കേസുകള്‍ മറികടക്കുന്ന തരത്തിലാണ് ഏപ്രില്‍ മാസത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്.

ഏപ്രില്‍ എട്ടിന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കോവിഡ് സാഹചര്യം ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍മാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തണം എന്നാണ് യോഗത്തില്‍ മുഖ്യമന്ത്രിമാരോട് നരേന്ദ്ര മോഡി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരെ പോലെ തന്നെ ഗവര്‍ണര്‍മാരും പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും ഇടപെടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കോവിഡ് സാഹചര്യം ആളുകള്‍ ലളിതമായി എടുത്തിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍മാര്‍ക്കും മതനേതാക്കളും എഴുത്തുകാരും അടക്കമുളള സമൂഹത്തിലെ പ്രമുഖരുടെ സഹായത്തോടെ ജനങ്ങള്‍ക്കിടയില്‍ കേവിഡ് ബോധവത്ക്കരണം നടത്താനാവും എന്നും നരേന്ദ്ര മോദി യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 1,84,372 കടന്നു . ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. 24 മണിക്കൂറില്‍ 1027 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 1,72,085 ആയി.

രോഗമുക്തി നിരക്ക് 88.92 ശതമാനമായി കുറഞ്ഞു. ഇന്നലെ രോഗമുക്തരായത് 82,339 പേര്‍. 
മഹാരാഷ്ട്രയിൽ 60,212 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദശിൽ 18,021 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 85 പേർ മരിച്ചു. ഛത്തീസ്ഗഡിൽ 15,121 പുതിയ രോഗികളും 109 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 13,468 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.