അസ്ട്രാസെനക്ക വാക്‌സിന്‍ വിതരണം ഡെന്‍മാര്‍ക്ക് പൂര്‍ണമായും നിര്‍ത്തി

അസ്ട്രാസെനക്ക വാക്‌സിന്‍ വിതരണം ഡെന്‍മാര്‍ക്ക് പൂര്‍ണമായും നിര്‍ത്തി

കോപ്പന്‍ഹേഗന്‍: കോവിഡ് വാക്‌സിനായ അസ്ട്രാസെനക്ക സ്വീകരിച്ച അപൂര്‍വം പേരില്‍ രക്തം കട്ട പിടിച്ചതായുള്ള റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് വാക്‌സിന്‍ വിതരണം പൂര്‍ണമായും നിര്‍ത്തി. ഈ നടപടി മൂലം രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി ആഴ്ചകളോളം വൈകും. അസ്ട്രാസെനക്ക വാക്‌സിന്‍ വിതരണം പൂര്‍ണമായും നിര്‍ത്തുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാണ് ഡെന്‍മാര്‍ക്ക്.

അസ്ട്രാസെനക്ക വാക്‌സിന്റെ പാര്‍ശ്വഫലമായി വളരെ അപൂര്‍വം ആളുകളില്‍ രക്തം കട്ടപിടിക്കാമെന്നു യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി കഴിഞ്ഞയാഴ്ച്ച വെളിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ വാക്‌സിന്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പിന്നീട് വിതരണം പുനഃരാരംഭിച്ചെങ്കിലും പ്രായമായവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. വാക്‌സിനെടുത്ത ആറു പേര്‍ക്ക് രക്തം കട്ടപിടിച്ച പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഉപയോഗത്തിന് ഇന്നലെ യു.എസും കാനഡയും യൂറോപ്യന്‍ യൂണിയനും താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി.

കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരേ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ കൂടുതല്‍ ഫലപ്രദമാണെന്നു തെളിഞ്ഞെങ്കിലും ദക്ഷിണാഫ്രിക്കയും വിതരണം താല്‍ക്കാലികമായി നിര്‍ത്തി. അതേസമയം രണ്ടു വാക്‌സിനും രക്തം കട്ടപിടിക്കുന്ന പാര്‍ശ്വഫലങ്ങള്‍ വളരെ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ വിതരണം വളരെ മന്ദഗതിയിലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വിമര്‍ശിച്ചു. ഈ കാലതാമസം പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുമെന്ന ആശങ്കയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 2.4 ദശലക്ഷം ഡോസ് അസ്ട്രസെനക്ക വാക്‌സിന്‍ പിന്‍വലിച്ചതായി ഡാനിഷ് അധികൃതര്‍ അറിയിച്ചു. ഇത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെന്നു ഡാനിഷ് ഹെല്‍ത്ത് അതോറിട്ടി ഡയറക്ടര്‍ ജനറല്‍ സോറന്‍ ബ്രോസ്‌ട്രോം പറഞ്ഞു. അതേസമയം ഡെന്‍മാര്‍ക്കില്‍ മറ്റ് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാണ്. ഇവിടെ പകര്‍ച്ചവ്യാധിയും നിയന്ത്രണത്തിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെന്‍മാര്‍ക്കില്‍ ദശലക്ഷത്തോളം ആളുകള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കി. അവരില്‍ ഏകദേശം 150,000 പേര്‍ക്ക് അസ്ട്രാസെനക്ക വാക്‌സിനാണു ലഭിച്ചത്. ഫൈസര്‍/ബയോടെക്, മോഡേണ വാക്‌സിനുകളും ഉപയോഗത്തിലുണ്ട്.
മാര്‍ച്ചില്‍ അസ്ട്രാസെനെക്ക വാക്‌സിന്‍ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിയ ആദ്യത്തെ രാജ്യമായിരുന്നു ഡെന്‍മാര്‍ക്ക്. ഇതിനുശേഷം മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഈ പാത പിന്തുടര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.