ദുബായ്: മലയാളിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട്  80 ലക്ഷത്തിലധികം രൂപ തിരികെ ലഭിച്ചു. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറിന്റെ(40) സമയോചിതമായി ഇടപെടലാണ് കള്ളനെ പിടികൂടാൻ സഹായിച്ചത്.  30 വയസുകാരനായ ഏഷ്യക്കാരനാണ് പിടിയിലായത്.
കഴിഞ്ഞദിവസം ബനിയാ സ്‌ക്വയർ ലാൻഡ് മാർക് ഹോട്ടലിന് സമീപമുള്ള ഗിഫ്റ്റ് ഷോപ്പിന് അരികിലാണ് സംഭവം. വിസിറ്റിങ് വിസയിൽ നാട്ടിൽ നിന്നെത്തിയ ജാഫർ ബന്ധുവിന്റെ ജ്യൂസ് കടയിൽ സഹായിച്ചു 
കൊണ്ടു നിൽക്കുകയായിരുന്നു. പെട്ടെന്നാണ് തൊട്ടപ്പുറത്തുണ്ടായിരുന്ന ബന്ധു നജീബ് തൊടുവയിൽ കള്ളൻ, കള്ളൻ പിടിച്ചോ എന്നലറി വിളിക്കുന്നത് കടയിൽ നിന്ന് കേട്ടത്.  പെട്ടെന്ന് തന്നെ  കടയിൽ നിന്നു ഇറങ്ങി നോക്കുമ്പോൾ പാഞ്ഞുവരുന്ന കള്ളനെയാണ് കണ്ടത്. ഒട്ടും താമസിക്കാതെ  കള്ളനെ അദ്ദേഹം കാല് വച്ച് വീഴിച്ചു. തെറിച്ചു വീണ കള്ളൻ വീണ്ടും ഓടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാവരും ഓടിയെത്തി പിടികൂടി. കള്ളനെ കയറിപ്പിടിക്കുന്നതിനേക്കാൾ പെട്ടെന്ന് കാലുവച്ച് വീഴിക്കാനാണ് തോന്നിയതെന്ന് ഫുട്ബോൾ കളിക്കാരൻ കൂടിയായ ജാഫർ പറഞ്ഞു.
മുൻപ് അലൈനിൽ ഷെയ്ഖ് ഈസാ ബിൻ സായിദ് അൽ നഹ്യാന്റെ കൊട്ടാരത്തിൽ ഡ്രൈവറായിരുന്ന ജാഫർ അടുത്ത ജോലിയിൽ പ്രവേശിക്കാനായി ദുബായിൽ എത്തിയതാണ്. ഉമ്മ ജാസ്മിൻ. ഭാര്യ:ഹസീന. മക്കൾ: നെദ, നേഹ, മുഹമ്മദ് നഹ്യാൻ. മുൻപ് ജോലിക്കു നിന്നിരുന്ന കൊട്ടാരത്തിന്റെയും ഷെയ്ഖിന്റെയുമെല്ലാം ഓർമയ്ക്കാണ് നഹ്യാൻ എന്നു മകന്റെ പേരിനൊപ്പം ചേർത്തതെന്നും ജാഫർ പറഞ്ഞു. 
കള്ളനെ പൊലീസിന് കൈമാറി. ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ ഇന്ത്യക്കാരന്റെ പണമാണ് തിരികെ ലഭിച്ചതെന്നാണ് വിവരം. നാലു ലക്ഷത്തോളം ദിർഹമുണ്ടായിരുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.