പുലിയന്‍പാറ പള്ളിക്ക് സമീപത്തെ ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ സമരം: പൊലീസ് കേസെടുത്തതില്‍ പ്രതിഷേധമേറുന്നു

പുലിയന്‍പാറ പള്ളിക്ക് സമീപത്തെ ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ സമരം: പൊലീസ് കേസെടുത്തതില്‍ പ്രതിഷേധമേറുന്നു

കോതമംഗലം: കോതമംഗലം രൂപതയില്‍പ്പെട്ട കവളങ്ങാട് പുലിയന്‍പാറ പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരോട് പൊലീസ് സ്വീകരിക്കുന്ന പക്ഷപാതപരമായ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. പരിസര മലിനീകരണമുണ്ടാക്കുന്ന ടാര്‍ മിക്‌സിങ് പ്ലാന്റ് മാറ്റണമെന്നാവശ്യപ്പെട്ട് സമരം ചെയ്തതിന് കോവിഡ് നിയമ ലംഘനം ആരോപിച്ച് എഴുപത് പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം ഊന്നുകല്‍ പോലീസ് കേസെടുത്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ വന്‍ ജനപങ്കാളിത്തമുള്ള പൊതു സമ്മേളനങ്ങളും റോഡ് ഷോകളും കണ്ടില്ലെന്ന് നടിച്ച പൊലീസ് നാടിന്റെ പൊതു നന്മയ്ക്കായി സമരം ചെയ്തവരുടെ പേരില്‍ കേസ് എടുത്തത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

ടാര്‍ മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ച് 29 ന് ഉച്ചകഴിഞ്ഞ് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കെസിവൈഎം, മാതൃവേദി, ഇന്‍ഫാം, വിന്‍സെന്റ് ഡി പോള്‍, പുലിയന്‍പാറ സമരസമിതി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നെല്ലിമറ്റത്ത് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ആയിരത്തോളം ആളുകളാണ് സമരത്തില്‍ പങ്കെടുത്തത്. ടാര്‍ മിക്‌സിങ് പ്ലാന്റ് ഉടമകളെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയക്കാരെയും സംരക്ഷിക്കാനുള്ള പോലീസിന്റെ ഗൂഢതന്ത്രമാണ് കേസെടുത്തതിന് പിന്നിലെന്ന ആരോപണം ശക്തമാണ്.

പുലിയമ്പാറ പള്ളി വികാരിയുടെ ആഭിമുഖ്യത്തില്‍ സമരം നടന്നപ്പോള്‍ ഊന്നുകല്‍ സി.ഐ വളരെ മോശമായി പെരുമാറിയിരുന്നു. അതിനെതിരെയും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് കോവിഡ് നിയമലംഘനം ആരോപിച്ച് കേസെടുത്തിരിക്കുന്നത്. ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാര്‍ മിക്‌സിങ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചത്.

പള്ളിയുടെ തൊട്ടടുത്തായി പ്രവര്‍ത്തനാനുമതി നല്‍കിയ ഭീമന്‍ ടാര്‍ മിക്‌സിംങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവര്‍ത്തനം മൂലം പള്ളിയുടേയും സമീപ പ്രദേശത്തേയും ജനങ്ങള്‍ക്ക് സ്വസ്ഥജീവിതം നഷ്ടമായി. പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയില്‍ ശുശ്രൂഷ നടത്താനാവാത്ത സാഹചര്യത്തില്‍ ദേവാലയം അടച്ചു പൂട്ടിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.