മാപൂട്ടോ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ തീരദേശ നഗരമായ പാല്‍മ തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്. നഗരത്തിലെ നിരത്തുകളിലും കടല്‍ത്തീരങ്ങളിലും ശിരസറ്റും അല്ലാത്തതെയും ജഡങ്ങള്‍ വീഴുന്ന കാഴ്ച്ചകള്‍ മനസു മരവിപ്പിക്കുന്നവയാണ്.
ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുള്ള സായുധ ഭീകര സംഘങ്ങള്‍ രാജ്യത്ത് ശക്തിയാര്‍ജിക്കുന്നതിലുള്ള ആശങ്കയിലാണ് നാട്ടുകാര്‍. അല്‍-ഷബാബ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ഇവിടെ സജീവമായുള്ളത്. 'ചെറുപ്പക്കാര്‍' അല്ലെങ്കില്‍ 'ആണ്‍കുട്ടികള്‍' എന്നതിന്റെ അറബി പദമാണ് അല്‍-ഷബാബ്. ഐഎസുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായി അല്‍-ഷബാബിനെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വിശേഷിപ്പിച്ചിരുന്നു. ഇതിന്റെ നേതാവായ അബു യാസിര്‍ ഹസനെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തി.
മാര്‍ച്ചില്‍ പാല്‍മയില്‍ നടന്ന ആക്രമണങ്ങളില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. 11,000-ത്തിലേറെപ്പേര്‍ക്കു പലായനം ചെയ്യേണ്ടി വന്നു. ഇറാഖ്, സിറിയ അടക്കമുള്ള മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെയാണ് തീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണായി ലോകം കണക്കാക്കുന്നത്. എന്നാല്‍ മൊസാംബിക്കില്‍ അടുത്തിടെ നടക്കുന്ന ആക്രമണങ്ങള്‍ അടിവരയിടുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പോരാട്ട ഭൂമിയായി ആഫ്രിക്ക മാറുന്നുവെന്നാണ്.
കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് പാല്‍മ തീവ്രവാദികളുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി പ്രദേശത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. മൊസാംബിക്കിലെ വടക്കന്‍ പ്രവിശ്യയായ കാബോ ഡെല്‍ഗഡോയില്‍ അമ്മമാരുടെ മുന്നില്‍ വച്ച് കുട്ടികളെ ശിരഛേദം ചെയ്യുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഗ്രാമങ്ങള്‍ ആക്രമിക്കുകയും വീടുകള്‍ കത്തിക്കുകയും ചെയ്തു.
ഇസ്ലാമിക രാഷ്ട്ര രൂപീകരണമാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. നിരായുധരായ പൗരന്മാരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പ്രദേശത്ത് നിരവധി മോസ്‌കുകള്‍ നിര്‍മിച്ച് സജീവമായ ഈ സംഘം മതേതര രാജ്യം എന്ന സങ്കല്‍പത്തെ എതിര്‍ത്തും കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചും നാട്ടുകാര്‍ക്കിടയില്‍ തങ്ങളുടെ സ്വാധീനം വിപുലമാക്കുന്നുണ്ടായിരുന്നു. ഈ സംഘടനയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ തുടങ്ങിയതോടെയാണ് അവര്‍ ആക്രമണത്തിന്റെ പാതയിലേക്കു തിരിയുന്നത്.
പ്രദേശവാസികളുടെ സാമ്പത്തിക പ്രയാസങ്ങള്‍ മുതലെടുത്തും അഴിമതിക്കെതിരേ പ്രതികരിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കിയും സംഘം വളരെ പെട്ടെന്ന് വളര്‍ന്നുവന്നു. പ്രദേശത്തെ ഖനി മുതലാളിമാരില്‍നിന്നും കരിഞ്ചന്ത വ്യാപാരികളില്‍നിന്നും മാഫിയാ സംഘങ്ങളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ച് ഇവര്‍ സായുധ പരിശീലനവും ആയുധ ശേഖരണവും ആരംഭിച്ചു.
സായുധ കലാപകാരികള്‍ അന്താരാഷ്ട്ര തലത്തില്‍നിന്നുപോലും സഹായം സ്വീകരിക്കാനും ആയുധങ്ങള്‍ എത്തിക്കാനും സാധിക്കുന്ന വിധത്തില്‍ വളര്‍ന്നുകഴിഞ്ഞു. ഇടയ്ക്കിടെ പോലീസിനെയും പട്ടാളസംഘങ്ങളെയും ആക്രമിച്ചും അവര്‍ ആയുധങ്ങള്‍ തട്ടിയെടുത്തുകൊണ്ടിരുന്നു. ഇവരില്‍ ചിലരെ ഐ.എസ്. കിഴക്കന്‍ കോംഗോയിലും സോമാലിയയിലും അയച്ചാണ് പരിശീലിപ്പിച്ചത്. 2019 -ലാണ് ഇവര്‍ ഐ.എസുമായുള്ള തങ്ങളുടെ ബന്ധം പരസ്യമായി സമ്മതിക്കുന്നത്. അക്രമങ്ങളെത്തുടര്‍ന്നുള്ള പട്ടിണിയും ക്ഷാമവും പകര്‍ച്ചവ്യാധികളുമൊക്കെ ജനങ്ങളെ വലയ്ക്കുന്നുണ്ട്.
അക്രമികളെ തുരത്തിയോടിച്ചു എന്ന് മൊസാംബിക് പട്ടാളം പറയുമ്പോഴും ഇതുവരെ നഗരത്തെ പൂര്‍ണമായും സുരക്ഷിതമാക്കാന്‍ കഴിഞ്ഞിട്ടില്ല. അക്രമം നടന്ന പ്രദേശങ്ങളില്‍നിന്ന് വിട്ടുപോകുന്നവര്‍ പെമ്പയിലേക്കും സമീപ പ്രദേശങ്ങളിലേക്കും കൂട്ടമായി വന്നെത്തിക്കൊണ്ടിരിക്കുന്നു. ചിലര്‍ അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ ടാന്‍സാനിയയിലേക്കും പോവുന്നുണ്ട്. തീവ്രവാദികള്‍ കീഴടങ്ങാന്‍ തയാറായാല്‍ മാപ്പുനല്‍കുമെന്ന് മൊസാംബിക് പ്രസിഡന്റ് ഫെബ്രുവരിയില്‍ പറയുകയുണ്ടായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.