ഇന്നും നാളെയും കൂട്ടപ്പരിശോധന; രണ്ടാഴ്ച കൊണ്ട് സ്ഥിതി നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷ

ഇന്നും നാളെയും കൂട്ടപ്പരിശോധന; രണ്ടാഴ്ച കൊണ്ട് സ്ഥിതി നിയന്ത്രണ വിധേയമാകുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: ഇന്നും നാളെയുമായി രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് നിര്‍ണയ പരിശോധന നടത്തും. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ സജീവമായവര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, കോവിഡ് വ്യാപന പ്രദേശങ്ങളിലുള്ളവര്‍, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യുട്ടീവുകള്‍ എന്നിവരെ കണ്ടെത്തി പരിശോധിക്കും.

ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദേശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനാ യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗ ലക്ഷണമുള്ളവരുടെ സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തും. കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും.

കോവിഡ് വാക്‌സിന്റെ ഏഴ് ലക്ഷം ഡോസ് ബാക്കിയുണ്ട്. കൂടുതല്‍ ഡോസുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 50 ലക്ഷം പേര്‍ ആദ്യ ഡോസെടുത്തു. ഒന്നരക്കോടിയോളം പേര്‍ക്ക് വാക്‌സിന്‍ കൊടുക്കാനായാല്‍ സ്‌കൂളുകള്‍ ജൂണില്‍ തുറക്കാനാവുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

അതിനിടെ അടച്ചിട്ട കെട്ടിടങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 100 ല്‍ നിന്ന് 75 ആയി കുറച്ചു. രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ ബാറുകളും സിനിമാ തീയറ്ററുകളും നിര്‍ബന്ധമായും അടയ്ക്കണം. ട്യൂഷന്‍ ക്ലാസുകളില്‍ കോവിഡ് മാനദണ്ഡം പാലിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂള്‍ പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും. രണ്ടാഴ്ച കൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.