കുന്നുകൂടി മൃതദേഹങ്ങള്‍; ശ്മശാനങ്ങളില്‍ തീയും പുകയും ഒഴിയുന്നില്ല: പിടിവിട്ട് മഹാരാഷ്ട്രയും ഡല്‍ഹിയും

കുന്നുകൂടി മൃതദേഹങ്ങള്‍; ശ്മശാനങ്ങളില്‍ തീയും പുകയും ഒഴിയുന്നില്ല: പിടിവിട്ട് മഹാരാഷ്ട്രയും ഡല്‍ഹിയും

ന്യൂഡല്‍ഹി: കോവിഡ് മരണങ്ങള്‍ ക്രമാതീതമായി കൂടിയതോടെ രാജ്യത്തെ ശ്മശാനങ്ങളില്‍ നിന്ന് തീയും പുകയും ഒഴിയുന്നില്ല. ഓരോ ദിവസവും കുന്നുകൂടുന്ന മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ഡല്‍ഹി, ലഖ്‌നൗ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ശ്മശാനങ്ങള്‍ ഇടവേളകളിലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

ദിവസം 15-20 മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന ശ്മശാനങ്ങളില്‍ ഇപ്പോള്‍ നൂറിലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങള്‍ക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചു തുടങ്ങി. പെട്രോളും മണ്ണെണ്ണയുമൊക്കെ മൃതദേഹങ്ങള്‍ വേഗം കത്തിക്കാനായി ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് പരിസരവാസികള്‍ക്ക് അസൗകര്യവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായും പരാതിയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നൂറിലേറെയാണ് ഡല്‍ഹിയിലെ കോവിഡ് മരണങ്ങള്‍. തലസ്ഥാനത്തെ ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘാട്ടില്‍ ദിവസവും സംസ്‌കരിക്കപ്പെടുന്നത് നൂറിലേറെ മൃതദേഹങ്ങളാണ്. ഏപ്രില്‍ ഒന്നുമുതല്‍ അഞ്ചുവരെ ദിവസവും മൂന്നോ നാലോ മൃതദേഹങ്ങളായിരുന്നു.

ഏപ്രില്‍ ആറുമുതല്‍ പത്തുവരെ ഇത് പത്തോ പന്ത്രണ്ടോ ആയി. ഏപ്രില്‍ 12-ന് 24 കോവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഏപ്രില്‍ 13-ന് 36 മൃതദേഹങ്ങളും 14-ന് 37 എണ്ണവും. വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലാണ് നിഗംബോധ് ഘാട്ട് ശ്മശാനം. നഗരമധ്യത്തിലെ ഐ.ടി.ഒ.യിലുള്ള മുസ്ലിം കബറിസ്താനിലും മൃതദേഹങ്ങള്‍ കൂടിവരുന്നു.

മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മൃതദേഹങ്ങളുമായി എത്തുന്ന ആളുകളുടെ നീണ്ടവരിയാണ് ഗുജറാത്തിലെ ശ്മശാനങ്ങളില്‍. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട് എന്നിവിടങ്ങളിലാണ് സ്ഥിതിരൂക്ഷം. മധ്യപ്രദേശിലെ ഭോപാലില്‍മാത്രം 37 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. 1984-ലെ ഭോപാല്‍ വാതക ദുരന്തത്തിനുശേഷം ശ്മശാനങ്ങള്‍ നിറയുന്നത് ആദ്യമായാണെന്ന് ശ്മശാനം നടത്തിപ്പുകാരന്‍ പ്രദീപ് കനോജ പറയുന്നു.

ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും സ്ഥിതി രൂക്ഷമാണ്. 70-80 മൃതദേഹങ്ങളാണ് ഇവിടെ കോവിഡ് ശ്മശാനത്തില്‍ എത്തുന്നത്. 7-8 മൃതദേഹങ്ങള്‍ വന്നിരുന്നതില്‍ നിന്നാണ് ഈ വര്‍ധന. ഈ സാഹചര്യത്തില്‍ ലഖ്നൗവില്‍ പുതുതായി അഞ്ച് വൈദ്യുതിശ്മശാനങ്ങള്‍ ഉടന്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.


ഇതിനിടെ മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 398 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 37,03,584 പേരാണ് രോഗബാധിതര്‍. മരിച്ചവരുടെ എണ്ണം 59,551 ആയി. സജീവകേസുകള്‍ 6,38,034 ആണ്.

നാഗ്പൂരിലും, മുംബൈയിലും താനെയിലും, പൂനെയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. ഡല്‍ഹിയില്‍ 19,486 പേര്‍ക്കാണ് വൈറസ് ഇന്നലെ ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. 61,005 സജീവ കേസുകളാണുള്ളത്. ഇന്നലെ 141 പേര്‍ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 11,793 ആയതായി ഡല്‍ഹി ആരോഗ്യ മന്ത്രാലയം അറിയിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.