പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് ജയം

പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 107 റണ്‍സ് എന്ന ചെറിയ വിജയലക്ഷ്യം 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ചെന്നൈക്ക് വേണ്ടി മൊയീന്‍ അലി 31 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടി പുറത്തായി. 33 പന്തുകളില്‍ നിന്ന് 36 റണ്‍സുമായി ഡ്യു പ്ലസിസ് പുറത്താകാതെ നിന്നു. മുഹമ്മദ് ഷമി എറിഞ്ഞ പതിനഞ്ചാം ഓവറിലെ തുടര്‍ച്ചയായ രണ്ട് പന്തുകളിലൂടെ വിക്കറ്റ് വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമം നടത്തിയെങ്കിലും ചെന്നൈ വിജയത്തിന് വെറും എട്ട് റണ്‍സ് അകലെ എത്തിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. പവര്‍പ്ലേയില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സാണ് പഞ്ചാബിന് നേടാനായത്. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് കൂട്ടിച്ചേർക്കുമ്പോഴേക്കും ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാലിനെയും കെ എല്‍ രാഹുലിനെയും പഞ്ചാബിന് നഷ്ടമായി. ക്രിസ് ഗെയിലിനും നിക്കോളാസ് പുരാനും പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല.

ആദ്യ മത്സരത്തിനു വിപരീതമായ രീതിയിലായിരുന്നു ചെന്നൈ ബൗളര്‍മാരുടെ പ്രകടനം. ചെന്നൈയുടെ സ്റ്റാര്‍ പേസര്‍ ദീപക് ചഹറിന്റെ ഉജ്ജ്വല ബൗളിങ് പ്രകടനമാണ് പഞ്ചാബിന്റെ നടുവൊടിച്ചത്. നാല് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് ടോപ് ഓര്‍ഡര്‍ വിക്കറ്റുകളാണ് താരം നേടിയത്. ഷാരൂഖ് ഖാന്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിനെ വലിയ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 36 പന്തുകളില്‍ നിന്നും നാല് ഫോറുകളും രണ്ട് സിക്‌സറും സഹിതം 47 റണ്‍സാണ് താരം നേടിയത്.

ധോണിയുടെ ചെന്നൈ ജേഴ്‌സിയിലെ ഇരുന്നൂറാം മത്സരമായിരുന്നു ഇത്. ചെന്നൈയ്ക്ക് വേണ്ടി 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമാണ് ധോണി. ചാമ്പ്യൻസ് ലീഗില്‍ 24 മത്സരങ്ങളില്‍ ചെന്നൈയെ ധോണി നയിച്ചതും ചേര്‍ത്താണ് 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ മത്സരത്തിലേറ്റ ക്ഷീണത്തിന് തക്കതായ മറുപടി നല്‍കിയാണ് ധോണിയും കൂട്ടരും ടൂര്‍ണമെന്റിലേക്ക് കടന്ന് വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.