ഈ ആഴ്ചയിലെ പ്രധാന ദേശീയ വാര്‍ത്തകള്‍

ഈ ആഴ്ചയിലെ പ്രധാന ദേശീയ വാര്‍ത്തകള്‍

* രാജ്യത്ത് വാക്സിന്‍ ഉത്സവിന് ഏപ്രില്‍ 11 ന് തുടക്കമായി; കോവിഡ് നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍

രാജ്യത്ത് രണ്ടാം തരംഗ കോവിഡ് അതിവേഗം പടരുന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ കടുപ്പിച്ചു. പ്രതിദിന പോസിറ്റീവ് കേസുകളോടൊപ്പം മരണസംഖ്യ ഉയരുന്നതും രോഗമുക്തി നിരക്ക് താഴുന്നതും രാജ്യത്ത് ഏറെ ആശങ്കയായി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ലാതെ കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ടീക്കാ ഉത്സവിന് ഏപ്രില്‍ 11 ന് തുടക്കമായി.

* വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രം; സ്പുട്നിക് ഫൈവ് ഉള്‍പ്പെടെ 5 വാക്സിനുകള്‍ക്ക് അനുമതി നല്‍കും

കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ കൊവിഡ് വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. അഞ്ച് പുതിയ കൊവിഡ് വാക്സിനുകള്‍ക്ക് രാജ്യത്ത് ഉടന്‍ ഉപയോഗ അനുമതി നല്‍കും. വിവിധ സംസ്ഥാനങ്ങളില്‍ വാക്സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. റഷ്യയുടെ സ്പുട്നിക് ഫൈവ് അടക്കമുള്ള വാക്സിനുകള്‍ക്കാണ് കേന്ദ്രം അനുമതി നല്‍കുക. ഒക്ടോബറോടെ വാക്സിനുകള്‍ എത്തിക്കാനാണ് നീക്കം. പത്ത് ദിവസത്തിനകം അനുമതി നല്‍കിയേക്കുമെന്നാണ് വിവരം. ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് വാക്സിന്‍ ഇന്ത്യയില്‍ വിതരണത്തിന് എത്തിക്കുന്നത്.

* സുപ്രിംകോടതിയില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് കോവിഡ്

സുപ്രിംകോടതിയില്‍ കോവിഡ് സാഹചര്യം സങ്കീര്‍ണം. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോടതി മുറികള്‍ അണുവിമുക്തമാക്കാന്‍ നടപടി തുടങ്ങി. ഇന്ന് ഒരു മണിക്കൂര്‍ വൈകിയാകും കോടതി നടപടികള്‍ ആരംഭിക്കുക. സുപ്രികോടതിയിലെ മുറികളും ചേമ്പറുകളും അടക്കം അണുവിമുക്തം ആക്കിയ ശേഷമായിരിക്കും വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക.

* ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ എല്ലാ വാക്‌സിനുകളും ഉപയോഗിക്കാന്‍ അനുമതി; നിര്‍ണായക നീക്കവുമായി കേന്ദ്രം

രാജ്യത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയ എല്ലാ വാക്‌സിനുകളും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. കൂടാതെ വിദേശ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്ന മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി.

സ്പുട്ണിക്ക് ഫൈവ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അന്തിമാനുമതി നല്‍കിയത് രാജ്യത്തെ കൊവിഡ് പോരാട്ടത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഹൈദരബാദിലെ ഡോക്ടര്‍ റെഡീസ് ഫാര്‍മ അടക്കം 5 ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രതിമാസം 850 മില്യന്‍ ഡോസ് നിര്‍മ്മിക്കുമെന്നാണ് അവകാശവാദം. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ആദ്യ കോവിഡ് വാക്‌സിനായ സ്പുട്‌നിക് മെയ് മുതല്‍ വിതരണം ആരംഭിക്കും. ഇതിനു പുറമെയാണ് കൂടുതല്‍ വിദേശ വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കാവുന്ന രീതിയില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.

*രാജ്യത്ത് ഇനി പൂര്‍ണ്ണമായ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ല; നിര്‍മല സീതാരാമന്‍

രാജ്യത്താകെ ഇനി പൂര്‍ണ്ണമായ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രാദേശികമായി നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇനിയൊരു ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്തെ വീണ്ടും വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആഗ്രഹമില്ലെന്ന് ധനമന്ത്രി വിശദീകരിച്ചു. വാക്‌സിനേഷനും പരിശോധനയും സമാനമായിട്ടുള്ള രീതിയില്‍ രോഗ വ്യാപനത്തെ തടയുന്നതിന് വേണ്ടി അതിധ്രുത ഗതിയില്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇനിയൊരു ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

* ഐഎസ്ആര്‍ഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും

ഐഎസ്ആര്‍ഓ ഗൂഢാലോചനക്കേസ് സിബിഐ അന്വേഷിക്കും. ജസ്റ്റിസ് ഡികെ ഹയിന്‍ സമിതിയുടെ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്നും കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി. രണ്ടര വര്‍ഷം നീണ്ട സിറ്റിങുകള്‍ക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡികെ ജെയിന്‍ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

*താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങള്‍ മെയ് 15 വരെ അടച്ചിടും


താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങള്‍ മെയ്15 വരെ അടച്ചിടും. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടി. നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങള്‍ അടച്ചിട്ടിരുന്നു. പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

* മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം; 50000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം

ന്യുഡല്‍ഹി: കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ ഏറെയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണില്‍ നിന്നും 2700 ടണ്‍ ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്സിജന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്.

* മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കോവിഡ് ബാധിതര്‍

തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്.

രാജ്യത്ത് ഇതുവരെ 1,45,26,609 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരായവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തര്‍ 1,26,71,220 ആയി. ഏപ്രില്‍ 16 ന് മാത്രം 1,341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ ശനിയാഴ്ച വരെ 1,75,649 ആയി.

* ദീപ് സിദ്ദു വീണ്ടും അറസ്റ്റില്‍


ന്യുഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രധാന കേസില്‍ ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകം നടന്‍ ദീപ് സിദ്ദു വീണ്ടും അറസ്റ്റില്‍. ചെങ്കോട്ട സംഘര്‍ഷത്തില്‍ പുരാവസ്തു വകുപ്പ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്.


പ്രധാന കേസില്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയിലെ അഡിഷണല്‍ സെഷന്‍സ് കോടതി ദീപ് സിദ്ദുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യരുത് തുടങ്ങിയവയായിരുന്നു നിബന്ധനകള്‍. കര്‍ഷകരുടെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ടുണ്ടായ ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യ സൂത്രധാരന്‍ ദീപ് സിദ്ദുവാണെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.