ഒടുവിൽ രാജസ്ഥാന് ജയം

ഒടുവിൽ രാജസ്ഥാന് ജയം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. ഒരു ഘട്ടത്തില്‍ മത്സരത്തില്‍ പരാജയം നേരില്‍ കണ്ട രാജസ്ഥാന്‍ റോയല്‍സിനെ രാഹുല്‍ തെവാത്തിയ - റിയാന്‍ പരാഗ് കൂട്ടുകെട്ടാണ് വിജയത്തിലെത്തിച്ചത്. 5 വിക്കറ്റിനായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ ജയം. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് മത്സരത്തില്‍ നിര്‍ണായകമായത്. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ തോറ്റ രാജസ്ഥാന്‍ റോയല്‍സിന് ഇന്നത്തെ ജയം ആശ്വാസം നല്‍കും. തെവാത്തിയ ആണ് മാൻ ഓഫ് ദി മാച്ച്.

രാജസ്ഥാന്‍ റോയല്‍സ് ആഗ്രഹിച്ച തുടക്കമല്ല അവര്‍ക്ക് ലഭിച്ചത്. 26 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് മുന്‍ നിര ബാറ്സ്മാന്മാരുടെ വിക്കറ്റുകളാണ് രാജസ്ഥാന്‍ റോയല്‍സിന് നഷ്ടമായത്. ഈ ഐ.പി.എല്ലില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ബെന്‍ സ്റ്റോക്സ് 5 റണ്‍സ് എടുത്ത് ഖലീല്‍ അഹമ്മദിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ബട്ലര്‍ 16 റണ്‍സ് എടുത്തും ക്യാപ്റ്റന്‍ സ്മിത്ത് 5 റണ്‍സുമെടുത്താണ് പുറത്തായത്.

തുടര്‍ന്ന് വന്ന സഞ്ജു സാംസണും റോബിന്‍ ഉത്തപ്പയും രാജസ്ഥാന്‍ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 26 റണ്‍സ് എടുത്ത സഞ്ജു സാംസണും 18 റണ്‍സ് റണ്‍സ് എടുത്ത ഉത്തപ്പയും 100 റണ്‍സ് തികയുന്നതിന് മുന്‍പ് പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്നാണ് രാജസ്ഥാന് ജയം നല്‍കിയ തെവാത്തിയ - പരാഗ് കൂട്ടുകെട്ട് പിറന്നത്. 5 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് എടുത്ത് തോല്‍വിയെ മുന്‍പില്‍ കണ്ട സമയത്താണ് ഇരു താരങ്ങളും മികച്ച കൂട്ടുകെട്ടുമായി രാജസ്ഥാന്‍ സ്കോര്‍ ഉയര്‍ത്തിയത്. റിയാന്‍ പരാഗ് 26 പന്തില്‍ 42 റണ്‍സും രാഹുല്‍ തെവാത്തിയ 28 പന്തില്‍ 45 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്.

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും, മനീഷ് പാണ്ഡേയുടെയും ഭേദപ്പെട്ട പ്രകടനമാണ് ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വാര്‍ണര്‍ 38 പന്തില്‍ 3 ബൗണ്ടറിയും 2 സിക്സുമടക്കം 48 റണ്‍സാണ് നേടിയത്.

മനീഷ് പാണ്ഡെ 44 പന്തില്‍ 2 ബൗണ്ടറിയും 3 സിക്സുമടക്കം 54 റണ്‍സും നേടി. രണ്ടാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 19 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെ കാര്‍ത്തിക് ത്യാഗിയാണ് പുറത്താക്കിയത്. ത്യാഗിക്ക് പുറമെ ജോഫ്രാ ആര്‍ച്ചര്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.