സിഡ്‌നി: കോവിഡ് മഹാമാരിയെതുടര്‍ന്ന് ഒരു വര്‍ഷമായി ഓസ്ട്രേലിയയ്ക്കും ന്യൂസിലന്‍ഡിനുമിടയില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീങ്ങി. ഇരുരാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുറഞ്ഞതിനെതുടര്‍ന്നാണ് ഇന്നു മുതല്‍ യാത്രാവിലക്ക് നീക്കിയത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണാന്‍ ഓസ്ട്രേലിയയിലെ സിഡ്‌നിയില്‍നിന്ന് ന്യൂസിലന്‍ഡിലെ ഓക് ലന്‍ഡിലേക്കും, തിരിച്ചും പോകുന്ന യാത്രക്കാരുടെ വലിയ തിരക്കാണ് ഇന്ന് എയര്‍പോര്‍ട്ടുകളില്‍ അനുഭവപ്പെട്ടത്.
കഴിഞ്ഞവര്‍ഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെതുടര്‍ന്ന് ഇരുരാജ്യങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായിരുന്നു യാത്രാവിലക്കും. പതിനായിരത്തോളം പേര്‍ ഇന്ന് ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളില്‍ എത്തിയ യാത്രക്കാര്‍ വളരെയധികം ആവേശഭരിതരായിരുന്നു.
താന്‍ എത്രമാത്രം വികാരാധീനനാണെന്ന് പറഞ്ഞറിയിക്കാന്‍ ആവില്ലെന്നു യാത്രക്കാരനായ ഡോണ്‍ ട്രാറ്റ് സിഡ്‌നി വിമാനത്താവളത്തില്‍ ബി.ബി.സിയോടു പറഞ്ഞു. എയര്‍ലൈന്‍സ് ക്വാണ്ടാസ്, ജെറ്റ്സ്റ്റാര്‍, എയര്‍ ന്യൂസിലാന്‍ഡ് എന്നീ വിമാന സര്‍വീസുകളാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും അതിര്‍ത്തികള്‍ അടച്ചത്. മടങ്ങിയെത്തിയ പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന് ഇരു രാജ്യങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് യാത്രായ്ക്ക് പച്ചക്കൊടി കാട്ടിയതിനു പിന്നാലെ അയല്‍ രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കും നീക്കാനുള്ള തീരുമാനത്തിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. സിംഗപ്പൂരിനാണ് ആദ്യ പരിഗണനയെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി മൈക്കല്‍ മക്കാര്‍മാക് അറിയിച്ചു. യാത്രാ വിലക്ക് നീക്കുന്നത് സംബന്ധിച്ച് ഏഷ്യയിലെയും പസഫിക്കിലെയും നിരവധി രാജ്യങ്ങളുമായും ഓസ്‌ട്രേലിയ ചര്‍ച്ച നടത്തിവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.