ചൊവ്വയില്‍ ഹെലികോപ്റ്റര്‍ വിജയകരമായി പറന്നു; റൈറ്റ് ബ്രദേഴ്സ് നിമിഷമെന്ന് നാസ

ചൊവ്വയില്‍ ഹെലികോപ്റ്റര്‍ വിജയകരമായി പറന്നു; റൈറ്റ് ബ്രദേഴ്സ് നിമിഷമെന്ന് നാസ

വാഷിംഗ്ടണ്‍: ചരിത്രം കുറിച്ച് ചൊവ്വയില്‍ ഹെലികോപ്റ്റര്‍ പറയുന്നയര്‍ന്നു. ഒരു മിനിറ്റിനില്‍ താഴെ മാത്രമാണ് ചൊവ്വയിലെ അന്തരീക്ഷത്തില്‍ ഉയര്‍ന്നുനിന്നതെങ്കിലും ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ പറന്നുയര്‍ന്ന ആദ്യ വിമാനമായി ഇത് ചരിത്രത്തില്‍ ഇടം നേടി. ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പെഴ്സിവീയറന്‍സ് പേടകത്തിന്റെ ഭാഗമായുള്ള 'ഇന്‍ജെന്യൂയിറ്റി' ഹെലികോപ്റ്ററാണ് ഇന്നലെ ഇന്ത്യന്‍ സമയം 4.30-ന് ചിറക് വിരിച്ചത്. നാസയുടെ ആസ്ഥാനത്ത് ചൊവ്വയില്‍നിന്ന് ലഭിച്ച ആദ്യ ചിത്രത്തില്‍ ഹെലികോപ്റ്റര്‍ ഉയര്‍ന്നുപൊങ്ങിയതായി സ്ഥിരീകരിച്ചു. ഇന്ത്യന്‍ സമയം വൈകീട്ട് 3.45 നാണു ചൊവ്വയില്‍ ഹെലികോപ്റ്റര്‍ പറത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും സോഫ്റ്റ്‌വെയര്‍ തകരാര്‍ മൂലം വൈകുകയായിരുന്നു.

മിനിറ്റുകള്‍ക്ക് ശേഷം, ചൊവ്വയില്‍ പെഴ്സിവീയറന്‍സ് റോവര്‍ പേടകം ഹെലികോപ്റ്ററിന് 65 മീറ്റര്‍ അകലെനിന്നെടുത്ത വീഡിയോയും നാസയില്‍ എത്തി. ഇതില്‍ ഹെലികോപ്റ്റര്‍ മൂന്ന് മീറ്ററോളം ഉയര്‍ന്നതായി കാണാം. ചൊവ്വയില്‍ ആദ്യ വിമാനം പറന്നുയര്‍ന്നതായി ഇന്‍ജെനിറ്റി പ്രോജക്ട് മാനേജര്‍ മിമി ഓങ് പറഞ്ഞു. 1903ല്‍ റൈറ്റ് സഹോദരന്മാര്‍ ഭൂമിയില്‍ ആദ്യവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചതുപോലെയാണ് നാസയുടെ ചൊവ്വയിലെ പരീക്ഷണം വിജയിച്ചത്. കാലിഫോര്‍ണിയ പാസദീന ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ മിമി ഓങും സംഘവുമാണ് ഹെലികോപ്റ്റര്‍ ദൗത്യത്തിന് നേതൃത്വം വഹിക്കുന്നത്.

ഇന്‍ജെന്യൂയിറ്റി കഴിഞ്ഞയാഴ്ച പറത്താനാണു നിശ്ചയിച്ചിരുന്നതെങ്കിലും പരിശോധനകളില്‍ പൂര്‍ണ മികവ് കണ്ടെത്താനാകാതെ വന്നതോടെയാണു മാറ്റിവച്ചത്. 1.8 കിലോഗ്രാം ഭാരവും 4 ചിറകുകളും വീതമുള്ള 2 റോട്ടറുകളുമുള്ള ഇന്‍ജെന്യൂയിറ്റി കഴിഞ്ഞ ഫെബ്രുവരി 18നാണ് പെഴ്സിവീയറന്‍സില്‍ ചൊവ്വയിലെത്തിച്ചത്. റോവറിന്റെ ഹൃദയഭാഗത്തിലുള്ള പേടകത്തില്‍ സ്ഥിതി ചെയ്തിരുന്ന ഹെലികോപ്റ്ററിനെ പുറത്തിറക്കി ചൊവ്വയുടെ ഉപരിതലത്തില്‍ സ്ഥാപിച്ച ശേഷമായിരുന്നു പറക്കല്‍ പരീക്ഷണം. ചൊവ്വയുടെ വിശാലവും താരതമ്യേന പരന്നതുമായ ജെസീറോ തടപ്രദേശമാണ് ഇതിനായി തിരഞ്ഞെടുത്തത്. പേഴ്‌സീവറന്‍സ് ലക്ഷ്യം തെറ്റാതെ അവിടെത്തന്നെയിറങ്ങി. അതോടെ പാതി വിജയിച്ചു.

ഇന്‍ജെന്യുവിറ്റി എന്നതാണ് ഹെലികോപ്റ്റിന്റെ പേര്. ചൊവ്വയിലൂടെ വിമാനം പറത്താന്‍ കഴിയുമോ എന്ന് പരിശോധിച്ചറിയുകയായിരുന്നു 105 മില്യണ്‍ ഡോളര്‍ ചെലവുവരുന്ന പദ്ധതിയുടെ ലക്ഷ്യം. വളരെ ദുഷ്‌കരമാണ് ചൊവ്വയുടെ അന്തരീക്ഷസ്ഥിതി. കാറ്റും മഴയും മഴക്കാറും ഒന്നും അവിടെയില്ല. ന്യൂനമര്‍ദ്ദവും കൊടുങ്കാറ്റുമെല്ലാം വീശുമ്പോഴും ഭൂമിയില്‍ വിമാനം പറത്തുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ഭൂമിയിലുണ്ട്. പൈലറ്റില്ലാതെ പറക്കുന്ന വിമാനങ്ങളും ഡ്രോണുകളും നമുക്കുണ്ട്. എന്നാല്‍ ചൊവ്വയില്‍ ഈ വിദ്യയൊന്നും പോരാ. ഭൂമിയുടേതില്‍ നിന്നു തികച്ചും വിഭിന്നമാണ് ചൊവ്വയുടെ അന്തരീക്ഷം.

ചൊവ്വയില്‍ അന്തരീക്ഷവായു തീരെയില്ല; ഭൂമിയുടെ ഒരു ശതമാനം മാത്രം. സൂര്യതാപമേറ്റ് ഈ അന്തരീക്ഷവായു ചുടുപിടിക്കും. കനംകുറവാണെങ്കിലും മര്‍ദവ്യതിയാനം ഉണ്ടാകും. വിമാനം പറത്താന്‍ ഇതൊക്ക പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കും. ചൊവ്വയുടെ കാന്തികമണ്ഡലത്തിനും തീവ്രത കുറവാണ്. തന്മൂലം കോസ്മിക് രശ്മികള്‍ കുത്തനെ പതിക്കും. വിമാനത്തിന്റെ ദിശ നിയന്ത്രിക്കുന്നതിന് ഇതെല്ലാം തടസം നില്‍ക്കും. പരിചയമില്ലാത്ത ഉപരിതലത്തില്‍നിന്നു, ഹെലികോപ്റ്റര്‍ പറന്നുയരുകയും താണിറങ്ങുകയും വേണം. അതും അപകടകരമാണ്. ഇന്‍ജെനുവിറ്റിയുടെ നിയന്ത്രണം കലിഫോര്‍ണിയയില്‍ നിന്നാണ്. ചൊവ്വയിലെ വിവരങ്ങള്‍ അപ്പപ്പോള്‍ അവര്‍ക്ക് കിട്ടും.

താപം, മര്‍ദം, കാറ്റിന്റെ ഗതി, വേഗത തുടങ്ങിയവ അളക്കുന്ന മാപിനികളും ഹെലികോപ്റ്ററിലുണ്ട്. സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയും ഇന്‍ജെനുവിറ്റിക്കുണ്ട്. കാരണം മാപിനിയില്‍ തെളിയുന്ന കാലാവസ്ഥാവിവരങ്ങള്‍ കലിഫോര്‍ണിയയിലേക്കയച്ച് മറുപടി കിട്ടണമെങ്കില്‍ ചുരുങ്ങിയത് 25 മിനിറ്റെങ്കിലും വേണം. അപ്പോഴേക്കും കാലാവസ്ഥ മാറിയിട്ടുണ്ടാകും. സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തമായ ഉപകരണങ്ങളുമായാണ് ഇന്‍ജെനുവിറ്റി പോയിരിക്കുന്നത്; ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജന്‍സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന വിമാനയാത്ര.

മാതൃപേടകം പേഴ്‌സീവറന്‍സ് ജെസീറോ തടത്തില്‍ ഇറങ്ങി കുറേ ദിവസങ്ങള്‍ കഴിഞ്ഞാണ് അടിത്തട്ടില്‍ സൂക്ഷിച്ചിരുന്ന ഹെലികോപ്റ്റര്‍ താഴെയിറക്കിയത്. ചെറുതും വലുതുമായ പാറക്കല്ലുകള്‍ അവിടെ ധാരാളം ഉണ്ട്. ഹെലികോപ്റ്ററിന്റെ നാലു കാലുകള്‍ ഉറപ്പിക്കാന്‍ പറ്റിയ ഹെലിപാഡ് എവിടെയെന്നു നിരീക്ഷിച്ച് റോവര്‍ ചൊവ്വയുടെ ഉപരിതലത്തിലൂടെ നീങ്ങി. ഓരോ ചുവടും ജാഗ്രതയോടെ വയ്ക്കുന്നതുകൊണ്ടാണ് സമയം ദീര്‍ഘിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.