നോക്കിയാൽ മാത്രം പോരാ കാണുകയും വേണം: നിസംഗതയ്‌ക്കെതിരായ ആദ്യ പടിയാണ് നോട്ടം; ഫ്രാൻസിസ് പാപ്പാ

നോക്കിയാൽ മാത്രം പോരാ കാണുകയും വേണം: നിസംഗതയ്‌ക്കെതിരായ ആദ്യ പടിയാണ് നോട്ടം; ഫ്രാൻസിസ് പാപ്പാ

ഈസ്റ്ററിന്റെ മൂന്നാം ഞായറാഴ്ച ഫ്രാൻസിസ് പപ്പാ സെൻറ് പീറ്റേഴ്സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്തു. കോവിഡ് നിയന്ത്രങ്ങൾ മൂലം ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് പാപ്പാ സ്‌ക്വയറിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. വീണ്ടും പേപ്പൽ മന്ദിരത്തിന്റെ കിളി വാതിലിൽ കൂടി എല്ലാവരെയും കാണാനും സന്ദേശം പങ്ക് വയ്ക്കാനും സാധിച്ചതിൽ താൻ അതിയായി സന്തോഷിക്കുന്നു എന്ന് പാപ്പാ പറഞ്ഞു.

ലൂക്കയുടെ സുവിശേഷം ഇരുപത്തിനാലാം അധ്യായം ആയിരുന്നു ഞായറാഴ്ച വിചിന്തനം വിഷയം. ഉയിർത്തെഴുന്നേറ്റ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷനായി "നിങ്ങൾക്ക് സമാധാനം " എന്ന് പറയുന്നു. ഭൂതം ആണെന്ന് കരുതി ഭയന്ന ശിഷ്യന്മാരെ തന്റെ കൈകളിലെയും കാലുകളിലെയും തിരുമുറിവുകൾ കാണിച്ചു കൊടുക്കുന്നു.
അവരോട് ഭക്ഷണം ആവശ്യപ്പെടുകയും അവരുടെ മുൻപിൽ വച്ച് ഭക്ഷിക്കുകയും ചെയുന്നു.
ഈ ബൈബിൾ ഭാഗത്തിന്റെ സവിശേഷത എന്നത് ഇവിടെ തെളിഞ്ഞ് കാണുന്ന മൂന്ന് പ്രവർത്തികളാണ്.
'കാണുക.തൊടുക,ഭക്ഷിക്കുക ' എന്നത്. ഇവയെല്ലാം നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന പ്രവർത്തികളാണ്. ജീവനുള്ള യേശുവുമായുള്ള യഥാർത്ഥ കണ്ടുമുട്ടലിന്റെ ആനന്ദം നൽകുന്ന പ്രവർത്തികളാണ് അവ.


നോക്കുക: നിസംഗതയ്‌ക്കെതിരായ ആദ്യ പടിയാണ് നോട്ടം.

യേശു പറഞ്ഞു “എന്റെ കൈകളും കാലുകളും കാണുക” എന്ന് . ഇത് നമ്മോട് ആവശ്യപ്പെടുന്നത് നോക്കുക മാത്രമല്ല കാണാൻ കൂടിയാണ് . 'കാണുക' എന്നതിൽ ഉദ്ദേശ്യവും ഇച്ഛയും ഉൾപ്പെടുന്നു.
ഇത് സ്നേഹത്തിന്റെ പ്രക്രിയകളിൽ ഒന്നാണ്. ഒരു അമ്മയും അച്ഛനും അവരുടെ കുട്ടിയെ നോക്കുന്നു; പ്രണയിതാക്കൾ പരസ്പരം നോക്കുന്നു; ഒരു നല്ല ഡോക്ടർ രോഗിയെ ശ്രദ്ധാപൂർവ്വം നോക്കുന്നു: "നോക്കുക എന്നത് നിസ്സംഗതയ്‌ക്കെതിരായ, മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾക്കും കഷ്ടപ്പാടുകൾക്കും എതിരായി മുഖം തിരിക്കാനുള്ള പ്രലോഭനത്തിനെതിരായ ആദ്യപടിയാണ്" പാപ്പാ പറഞ്ഞു.

സ്പർശിക്കൽ: അടുപ്പം, സമ്പർക്കം, ജീവിതം, പങ്കിടൽ

സ്പർശിക്കുന്നത് സ്നേഹത്തിന്റെ ഒരു പ്രകടനം കൂടിയാണ്. വാസ്തവത്തിൽ , അടുപ്പം, സമ്പർക്കം, ജീവിതം പങ്കിടൽ എന്നിവയാണ് സ്നേഹം നമ്മോട് ആവശ്യപ്പെടുന്നത്. “അവനെ തൊടാൻ ശിഷ്യന്മാരെ ക്ഷണിക്കുന്നതിലൂടെ, അവൻ ഒരു ആത്മാവല്ലെന്ന് സ്ഥിരീകരിക്കുന്നതിലൂടെ, യേശു അവരോടും നമ്മോടും പറയുന്നത് അവനുമായും നമ്മുടെ സഹോദരീസഹോദരനുമായുള്ള ബന്ധം ഒരു നോട്ടത്തിന്റെ അകലത്തിൽ നിർത്താൻ പാടില്ല എന്നാണ്. "
നല്ല സമരിയാക്കാരൻ വഴിയിൽ, പകുതിയും മരിച്ചതായി കണ്ട ആ മനുഷ്യനെ നോക്കുന്നതിൽ ഒതുക്കിയില്ല: അവൻ കുനിഞ്ഞു, മുറിവുകൾക്ക് ചികിത്സ നൽകി, അവനെ പൊക്കിയെടുത്ത് സത്രത്തിലേക്ക് കൊണ്ടുപോയി.
യേശുവിന്റെ കാര്യവും ഇതുതന്നെ; അവനെ സ്നേഹിക്കുകയെന്നാൽ അവനുമായി ഒരു സുപ്രധാനവും ദൃഡവുമായ കൂട്ടായ്മയിൽ പ്രവേശിക്കുക എന്നാണ് .

ഭക്ഷണം: ജീവിക്കാൻ പോഷണം ആവശ്യമാണ്

മൂന്നാമത്തെ ക്രിയ, ഭക്ഷണം കഴിക്കൽ : “നമ്മുടെ മാനുഷികതയെ അതിന്റെ ഏറ്റവും സ്വാഭാവിക അവസ്ഥയിൽ വ്യക്തമായി പ്രകടിപ്പിക്കുന്നു; അതായത്, ജീവിക്കാൻ സ്വയം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത.”
കുടുംബത്തോടോ സുഹൃത്തുക്കളോടോ നമ്മൾ ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് “സ്നേഹത്തിന്റെ, കൂട്ടായ്മയുടെ, ആഘോഷത്തിന്റെ പ്രകടനമായി മാറുന്നു.”
ഈ സുസ്ഥിരമായ മാനം അനുഭവിക്കുന്ന യേശുവിനെ സുവിശേഷങ്ങൾ എത്ര തവണ അവതരിപ്പിച്ചിരിക്കുന്നു."ക്രൈസ്തവസമൂഹത്തിന്റെ പ്രതീകാത്മക അടയാളമായി യൂക്കറിസ്റ്റിക് വിരുന്ന് മാറിയിരിക്കുന്നു, ” പാപ്പാ പറഞ്ഞു.

യേശുവുമായുള്ള ജീവിക്കുന്ന ബന്ധം

പാപ്പാ അവസനിപ്പിച്ചു: യേശു ഒരു ആത്മാവല്ല,ജീവനുള്ള വ്യക്തിയാണെന്ന് ഈ സുവിശേഷ ഭാഗം നമ്മോട് പറയുന്നു.
“ക്രിസ്ത്യാനിയായിരിക്കുക എന്നത് ഒരു ഉപദേശമോ ധാർമ്മിക ആദർശമോ അല്ല; ഉയിർത്തെഴുന്നേറ്റ കർത്താവുമായുള്ള ജീവനുള്ള ബന്ധമാണ്. നാം അവനെ നോക്കുന്നു, അവനെ സ്പർശിക്കുന്നു, നാം അവനാൽ പോഷിപ്പിക്കപ്പെടുന്നു. അവന്റെ സ്നേഹത്താൽ രൂപാന്തരപ്പെടുന്നു; സഹോദരങ്ങളെപ്പോലെ മറ്റുള്ളവരെ നോക്കുകയും സ്പർശിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ”
കിഴക്കൻ ഉക്രെയ്നിൽ സമാധാനത്തിനായി ആഹ്വാനം നൽകിയതിന് ശേഷം പാപ്പാ ശനിയാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ഒരു കൂട്ടം ഇറ്റാലിയൻ സിക്സ്റ്റെർഷ്യൻ സന്യാസിമാരെ അനുസ്മരിച്ചു. അതിന് ശേഷം ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് പാപ്പാ അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.