ഹൈക്കോടതികളില്‍ അഡ്‌ഹോക് ജഡ്ജിമാരെ നിയമിക്കാമെന്ന് സുപ്രീം കോടതി

ഹൈക്കോടതികളില്‍ അഡ്‌ഹോക് ജഡ്ജിമാരെ നിയമിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതികളില്‍ അഡ്‌ഹോക് ജഡ്ജിമാരെ നിയമിക്കാമെന്ന് സുപ്രീം കോടതി. ദീര്‍ഘകാലമായി കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ വാദം കേട്ട് വിധി പ്രസ്താവിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ദീര്‍ഘകാലമായി കോടതിയുടെ പരിഗണനയില്‍ ഉള്ള സിവില്‍, ക്രിമിനല്‍, കോര്‍പറേറ്റ് കേസുകള്‍ കേള്‍ക്കുന്നതിനാണ് അഡ്‌ഹോക് ജഡ്ജിമാരെ നിയമിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ 20 ശതമാനത്തില്‍ അധികം ഒഴിവ് ഉണ്ടെങ്കില്‍ മാത്രമേ അഡ്‌ഹോക് ജഡ്ജിമാരെ നിയമിക്കാവൂവെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കാണ് അഡ്‌ഹോക് ജഡ്ജിമാരുടെ പാനല്‍ രൂപവത്കരിക്കാന്‍ അധികാരം. കേസുകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ ഉള്‍പ്പെടെ പ്രകടിപ്പിച്ച മികവ് കണക്കിലെടുത്ത് വേണം അഡ്‌ഹോക് ജഡ്ജിമാരെ തിരഞ്ഞെടുക്കേണ്ടത്. വിരമിച്ച് ഒരു വര്‍ഷം പിന്നിടാത്ത ജഡ്ജിമാര്‍ക്കാണ് അഡ്‌ഹോക് ജഡ്ജി നിയമനത്തില്‍ മുന്‍ഗണന. എന്നാല്‍ ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ വിദഗ്ദ്ധനാണെങ്കില്‍ അവര്‍ക്ക് ഇളവ് അനുവദിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും അനൂകൂല്യങ്ങളും അഡ്‌ഹോക് ജഡ്ജിമാര്‍ക്ക് ലഭിക്കും. എന്നാല്‍ പെന്‍ഷന്‍ ഇതില്‍ നിന്ന് കുറയ്ക്കും. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെയാണ് അഡ്‌ഹോക് ജഡ്ജിയായി നിയമനം ലഭിക്കുക. എന്നാല്‍ അഡ്‌ഹോക് അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്ന വിരമിച്ച ജഡ്ജിമാര്‍ക്ക് ഹൈക്കോടതിയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരം ഉണ്ടാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പുറപ്പടിവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജഡ്ജി നിയമനം സംബന്ധിച്ച സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയാല്‍ മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമന വിജ്ഞാപനം ഇറക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹൈക്കോടതികളില്‍ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താത്തത് കാരണം ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുന്നതായും ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ജഡ്ജി നിയമനം സംബന്ധിച്ച് ഹൈക്കോടതി കൊളീജിയം ശുപാര്‍ശ തയ്യാറാക്കി കൈമാറിയാല്‍ ഇന്റലിജെന്‍സ് ബ്യുറോ തങ്ങളുടെ അഭിപ്രായം നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എട്ട് മുതല്‍ പന്ത്രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ തങ്ങളുടെ ശുപാര്‍ശ സുപ്രീം കോടതി കൊളീജിയത്തെ അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.