ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ ഏറ്റവും സ്ഥിരത പുലർത്തുന്ന രണ്ട് ടീമുകള്‍, പോയിന്‍റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്തുളള ടീമുകള്‍. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുളള മത്സരം ആ നിലവാരം പുലർത്തി. ടോസ് നിർണായകമായിരുന്നില്ലെങ്കില്‍ പോലും ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. പൃഥ്വിഷായും തുടർന്ന് വന്ന അജിക്യാരഹാനെയും പുറത്തായതിനുശേഷം നല്ലൊരു കൂട്ടുകെട്ടുണ്ടാനും സാധിച്ചു. മുംബൈ ഇന്ത്യന്‍സിന്‍റെ ജയിംസ് പാറ്റിന്‍സണ്ണിനെതിരെ പൊരുതികളിക്കാനുളള ശ്രമമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഭാഗത്തുനിന്നുമുണ്ടായത്. രാഹുല്‍ ചാഹറിനെതിരെ അതേ രീതിയുളള ബാറ്റിംഗാണ് ശിഖർ ധവാനുമെടുത്തത്.മുംബൈ ഇന്ത്യന്‍സിനെതിരെ നന്നായി ബാറ്റുചെയ്തിട്ടുണ്ടെന്നുളള ആത്മവിശ്വാസം ധവാന്‍റെ ശരീരഭാഷയില്‍ വ്യക്തമായിരുന്നു. പക്ഷെ ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്തിട്ടും മികച്ച സ്കോറിലേക്ക് ടീമിനെയെത്തിക്കാന്‍ അദ്ദേഹത്തിന്‍റെ ബാറ്റിംഗിന് കഴിഞ്ഞില്ലെന്നുളളത് പോരായ്മയാണ്. മാർക്കസ് സ്റ്റോയിനിസിന്‍റെ റണ്ണൗട്ട് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടിയായി. അലക്സ് കാരിക്ക് ഒന്നും ചെയ്യാനും സാധിച്ചില്ല. മുംബൈ ഇന്ത്യന്‍സിന്‍റെ തുറുപ്പ് ചീട്ട് ജസ്പ്രീത് ബുംറയുടെ ഓവറുകളും നിർണായകമായി. ഡെത്ത് ഓവറുകളില്‍ നിയന്ത്രണം നഷ്ടമാകാതെ ഇന്നിംഗ്സ് കൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നുളളതും മുംബൈക്ക് നേട്ടമാകുന്നുണ്ട്. അതോടൊപ്പം തന്നെ മലിംഗയ്ക്ക് ഒത്ത പകരക്കാരനാകാന്‍ ട്രെന്‍ഡ് ബോള്‍ട്ടിന് കഴിയുന്നുവെന്നുളളതും ഗുണം.
കഴിഞ്ഞ മത്സരത്തില്‍ ജയിംസ് പാറ്റിന്‍സണും തന്‍റെ റോള്‍ നന്നായി കൈകാര്യം ചെയ്തിരുന്നു. രാഹുല്‍ ചാഹറും കൃണാല്‍ പാണ്ഡ്യയും നല്ല പ്രകടനം പുറത്തെടുത്തതോടെ ശരാശരി സ്കോറിലേക്ക് മാത്രമാണ് ഡല്‍ഹിക്ക് എത്താനായത്. ഇതൊക്കെയാണെങ്കിലും ശക്തമായ പോരാട്ട വീര്യം ഡല്‍ഹി കാണിച്ചു. മുംബൈ ബാറ്റ് ചെയ്യുന്ന സമയത്ത് സ്പിന്നമാരെ ആദ്യം കൊണ്ടുവരാനും രോഹിത് ശർമ്മയുടെ വിക്കറ്റ് നേടാനും ഡല്‍ഹിക്ക് കഴിഞ്ഞു. ഡീ കോക്കിന് എന്തുകൊണ്ട് വീണ്ടും അവസരം കൊടുക്കുന്നുവെന്നുളളതിന്‍റെ ഉത്തരമായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. സ്പിന്നേഴ്സിനെതിരെ ആക്രമിച്ച് കളിക്കുമ്പോള്‍ തന്നെയും മീഡിയം പേസ് ബൗളർമാർക്കെതിരെയും നല്ല പ്രകടനം നടത്തുന്നു. രോഹിത് പുറത്തായിട്ടും ഇന്നിംഗ്സിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചത് സൂര്യകുമാർ യാദവെന്ന ബാറ്റ്സ്മാന്‍റെ മനസ്സാന്നിധ്യം കൊണ്ടു കൂടിയാണെന്ന് പറയാം. ഇന്നിങ്സിനു സ്ഥിരത കൊണ്ടുവരാന്‍ സാധിക്കുന്നുവെന്നുളളത് മാത്രമല്ല അനായാസം ബൗണ്ടറികള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുവെന്നുളളതും എടുത്ത് പറയണം. സമ്മർദ്ദ സമയത്ത് എങ്ങനെ കളിക്കണമെന്നുളളത് മനസിലായിട്ടുണ്ട് സൂര്യകുമാർ യാദവിന്. മൂന്നാം നമ്പറില്‍ അദ്ദേഹമുളളത് മുംബൈ ഇന്ത്യന്‍സിന് മുന്നോട്ടുളള യാത്രയില്‍ വലിയ ഗുണമാകും. അതോടൊപ്പം ഇഷന്‍ കിഷന്‍ കൂടി ഫോമിലേക്ക് വരുന്നു. പിന്നീട് വരുന്ന ഹർദ്ദിക് പാണ്ഡ്യയ്ക്കും കരണ്‍ പൊള്ളാർഡിനും മുന്‍പേയുളളവർ തുടങ്ങിവച്ചത് പൂർത്തിയാക്കുക മാത്രമാണ് ചെയ്യാനുളളത്. ഒരു ടീമില്‍ എല്ലാവരും എല്ലായ്മപ്പോഴും മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാന്‍ പറ്റില്ല. മുംബൈയെ സംബന്ധിച്ചിടത്തോളം ഒരാള്‍ പരാജയപ്പെട്ടാലും ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ മറ്റൊരാളുണ്ടെന്നുളളതാണ് അവരുടെ ഗുണം. പോയിന്‍റ് പട്ടികയില്‍ ഒന്നാമതുണ്ടായിരുന്ന ഡല്‍ഹിയെ തോല്‍പിച്ച് മുംബൈ ആ സ്ഥാനത്തേക്ക് എത്തുമ്പോള്‍ ശക്തമായ ടീമായി അവർ മാറിയിരിക്കുന്നുവെന്നുളളതാണ് അടിവരയിടുന്നത്.
സ്കോർ
DC 162/4 (20)MI 166/5 (19.4)
സോണി ചെറുവത്തൂർ
(കേരളാ രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ , ഗോള്‍ഡ് 101.3 കമന്‍റേറ്റർ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.