നവംബർ മൂന്നിലേക്ക് നാലാഴ്ചകൾ മാത്രം ബാക്കിയാകുമ്പോൾ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കടുത്ത പോരാട്ടത്തിലേക്കു കടക്കുകയാണ്. 2016ലേതു പോലെതന്നെ അമേരിക്കയൊട്ടാകെയുള്ള വോട്ടിങ് നിലയേക്കാൾ ചില സുപ്രധാന സംസ്ഥാനങ്ങളിലെ അവസാനവട്ട വോട്ടിങ്ങായിരിക്കും ഇത്തവണയും നിർണ്ണായകമാകുന്നത്. അതായത് 2016ലേതു പോലെ പോപ്പുലർ വോട്ടിൽ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് പിന്നിലായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാൽ ജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ കോളജ് വോട്ടുകൾ അദ്ദേഹത്തിന് ഇപ്പോഴും വിദൂരമല്ലതാനും.
എട്ടോളം ബാറ്റിൽ ഗ്രൌണ്ട് സംസ്ഥാനങ്ങളിലായുള്ള 114 ഇലക്ടറൽ കോളജ് സീറ്റുകളാണ് ഇത്തവണയും നിർണ്ണായകമാകുന്നത്. അഭിപ്രായ സർവ്വേകളുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും വിശകലനത്തിൽ ഇരുന്നൂറിൽപരം ഇലക്ടറൽ കോളജ് സീറ്റുകൾ ഉറപ്പിച്ച് ജോ ബൈഡൻ മുന്നിലാണെങ്കിലും അവസാന വിജയം നേടാൻ അദ്ദേഹം അത്യധ്വാനം ചെയ്യേണ്ടിവരും. കോവിഡ് പ്രതിസന്ധിക്കിടെ നടക്കുന്ന വോട്ടെടുപ്പയതിനാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നത് ദുഷ്കരമായിട്ടുണ്ട്.
നിലവിൽ ജോ ബൈഡനൊപ്പം നിൽക്കും എന്നു പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങൾ താഴെപ്പറയുന്നവയാണ്. ഇലക്ടറൽ കോളജ് വോട്ടുകൾ
ബ്രായ്ക്കറ്റിൽ.
1. കാലിഫോർണിയ (55)
2. ന്യൂയോർക് (29)
3. ഇല്ലിനോയ് (20)
4. വാഷിംഗ്ടൺ (12)
5. ന്യൂ ജേഴ്സി (14)
6. മസ്സാച്യുസെറ്റ്സ് (11)
7. മെരിലാൻഡ് (10)
8. കണക്റ്റിക്കട്ട് (7)
9. ഒറിഗൺ (7)
10. ഡെലവയർ (3)
11. ഹവായ് (4)
12. വാഷിംഗ്ടൺ ഡി.സി. (3)
13. വെർമണ്ട്
പൊതു തിരഞ്ഞെടുപ്പുകളിൽ പൊതുവെ ഡെമോക്രാറ്റിക് പാർട്ടിക്ക് അനുലൂകൂലമായി പ്രതികരിക്കുന്ന ഈ സംസ്ഥാനങ്ങളിലെ 178 ഇലക്ടറൽ കോളജ് വോട്ടുകൾ ബൈഡന് അനുകൂലമാണെന്നകാര്യത്തിൽ രണ്ടുപക്ഷമില്ല.
ജോ ബൈഡൻ- കമലാ ഹാരിസ് ടിക്കറ്റിന് നേരിയ മേൽക്കയ് പ്രതീക്ഷിക്കുന്ന ഇതര സംസ്ഥാനങ്ങൾ താഴെപ്പറയുന്നവയാണ്.
1. വെർജീനിയ (13)
2. കൊളറാഡോ (9)
3. ന്യൂ മെക്സിക്കോ (5)
4. മെയിൻ (4)
5. മിനസോട്ട (10)
6. റോഡ് ഐലൻഡ് (4)
അതായത് 223 ഇലക്ടറൽ കോളജ് വോട്ടുകളെങ്കിലും ബൈഡൻ-ഹാരിസ് ടിക്കറ്റിന് സുരക്ഷിതമായിട്ടുണ്ടെന്നു സാരം.
ഇനി പ്രസിഡണ്ട് ഡോണൾഡ് ട്രമ്പിനൊപ്പം ഉറപ്പായും നിൽക്കും എന്നു കരുതപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.
1. അലബാമ (9)
2. റ്റെന്നിസി (11)
3. കെന്റക്കി (8)
4. വയോമിങ്ങ് (3)
5. ഐഡഹോ (4)
6. നോർത്ത് ഡക്കോട്ട (3)
7. സൌത്ത് ഡക്കോട്ട (3)
8. ഒക്ലഹോമ (7)
9. കൻസസ് (6)
10. അർക്കൻസ (6)
11. നെബ്രാസ്ക (4)
12. മിസോറി (10)
13. ഇൻഡ്യാന (11)
14. മിസിസിപ്പി (6)
15. ലൂയിസിയാന (8)
16. മൊന്റാന (3)
17. യൂറ്റാ (6)
18. സൌത്ത് കരലിന (9)
19. ടെക്സസ് (38)
20. വെസ്റ്റ് വെർജീനിയ (5)
21. അലാസ്ക (3)
പരമ്പരാഗത റിപബ്ലിക്കൻ കോട്ടകളായ ഈ സംസ്ഥാനങ്ങളിൽ ടെക്സസ് ഒഴികെയുള്ളവയിലെല്ലാം ഇലക്ടറൽ കോളജ് വോട്ടുകൾ കുറവാണെന്നതു ശ്രദ്ധിക്കുക. ഈ 21 സംസ്ഥാനങ്ങളിൽ നിന്നായി പ്രസിഡന്റ് ട്രമ്പ് 163 ഇലക്ടറൽ കോളജ് വോട്ടുകൾ അനായാസമായി കരസ്ഥമാക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു. ഏറ്റവുമടുത്ത് പുറത്തു വരുന്ന സർവ്വേകളിൽ ചെറിയ മുൻതൂക്കമേ കാണിക്കുന്നുള്ളുവെങ്കിലും ജോർജിയയിലെ 16 ഇലക്ടറൽ കോളജ് വോട്ടുകളും ട്രമ്പിന് അനുകൂലമാകും എന്നു കരുതാം. അതായത് മൊത്തം 179.
ഒറ്റനോട്ടത്തിൽ 270 എന്ന മാന്ത്രിക സംഖ്യയിലേക്കെത്താൻ ബൈഡനാണു കൂടുതൽ എളുപ്പം എന്നു തോന്നാം. എന്നാൽ 2016ലും ഇതുപോലെയോ ഇതിലധികമോ മേൽക്കൈ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്നാണ് ഹിലരി ക്ലിന്റൺ തോൽവിയറിഞ്ഞത്.
പ്രവചനാതീതമായ എട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള 114 ഇലക്ടറൽ കോളജ് വോട്ടുകളാണ് നിർണ്ണായകമാകുന്നതെന്നു സാരം. ഈ സംസ്ഥാനങ്ങൾ താഴെപ്പറയുന്നവയാണ്.
1. പെൻസിൽവേനിയ (20)
2. ഫ്ലോറിഡ (29)
3. മിഷിഗൺ (16)
4. ഒഹായോ (18)
5. വിസ്കോൺസിൻ (10)
6. അരിസോണ (11)
7. അയവ (6)
8. ന്യൂ ഹാംഷെയർ (4)
ഈ സംസ്ഥാനങ്ങളിൽ മിക്കവയിലും ബൈഡനു നേരിയ മുൻതൂക്കമുണ്ടെങ്കിലും പ്രസിഡണ്ട് ട്രമ്പിനെപ്പോലെ തന്നെ അദ്ദേഹത്തിനു വോട്ടു ചെയ്യുന്നവരുടെ വോട്ടും പ്രവചനാതീതമാണ്. 2016ലെ തിരഞ്ഞെടുപ്പു ദിനത്തിനു തൊട്ടുമുൻപു വരെ ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ ഹിലരി അഭിപ്രായ സർവേകളിൽ മുന്നിട്ടു നിന്നെങ്കിലും ഒരു ശതമാനത്തിൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിൽ അവസാന നിമിഷം ട്രമ്പ് പിടിച്ചടക്കുകയായിരുന്നു. കടുത്ത പോരാട്ടം നടക്കുന്ന ഈ സംസ്ഥാനങ്ങളിൽ മിഷിഗൺ ഒഴികെയുള്ളവയെല്ലാം പൊതു തിരഞ്ഞെടുപ്പുകളിൽ റിപബ്ലിക്കൻ പാർട്ടിക്കൊപ്പം നിൽക്കുന്നതായാണ് സമീപകാല ചരിത്രം. അതായത് ഇരുപാർട്ടികളെയും പിന്തുണയ്ക്കാത്ത സ്വതന്ത്ര വോട്ടർമാരും സാഹചര്യങ്ങളനുസരിച്ച് വോട്ടു മാറ്റുന്ന ചാഞ്ചാട്ട വോട്ടർമാരും ഇവിടങ്ങളിൽ നിർണ്ണായകമാകുമെന്നു സാരം. ഈ സംസ്ഥാനങ്ങളില്‍ സ്വിംഗ് വോട്ടർമാരെ സുപ്രധാന വിഷയങ്ങൾക്കപ്പുറം സ്വാധീനിക്കാനുള്ള “കരിസ്മ” ബൈഡനിൽ കാണുന്നില്ല എന്നതാണ് കോവിഡ്-19 ഉൾപ്പടെയുള്ള ഒട്ടേറെ പ്രതികൂല ഘടകങ്ങൾക്കിടയിലും പ്രസിഡന്റ് ട്രമ്പിനു പ്രതീക്ഷ നൽകുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.