ഓക്സിജന്‍ ലഭ്യമാക്കാന്‍ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് തരൂ; മോഡിയോട് കെജ്‌രിവാള്‍

ഓക്സിജന്‍ ലഭ്യമാക്കാന്‍ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് തരൂ; മോഡിയോട് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തില്‍ നിസഹായത വിവരിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ ഡല്‍ഹിയില്‍ ഒരു ദുരന്തം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയിലെ ആശുപത്രികളിലേക്ക് ഓക്സിജന്‍ ലഭ്യമാക്കാന്‍ ആരോടാണ് ചോദിക്കേണ്ടതെന്ന് പറഞ്ഞ് തരൂ എന്നാണ് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ചോദിച്ചത്. ഓക്‌സിജന്‍ ഇല്ലാതെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഒരു രോഗി മരിക്കുമ്പോൾ ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി പറയണം. ഞങ്ങള്‍ക്ക് ആളുകളെ മരിക്കാന്‍ വിടാനാവില്ല. കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം ഡല്‍ഹിയില്‍ ഒരു ദുരന്തമുണ്ടാകും. മുഖ്യമന്ത്രിയായിരുന്നിട്ടും എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. രാത്രി എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല -കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹി നഗരത്തിലുടനീളം ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്ന് കെജ്‌രിവാള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഡല്‍ഹിയില്‍ ഓക്സിജന്റെ വലിയ കുറവുണ്ട്. ഇവിടെ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ഇല്ലെങ്കില്‍ ഡല്‍ഹിയിലെ ആളുകള്‍ക്ക് ഓക്സിജന്‍ ലഭിക്കില്ലേ? എന്നും കെജ്‌രിവാള്‍ യോഗത്തില്‍ ചോദിച്ചു.

മറ്റ് സംസ്ഥാനങ്ങള്‍ ഡല്‍ഹിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടഞ്ഞെന്നും, ട്രക്കുകള്‍ തടയുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഓക്സിജന്‍ വിതരണത്തിന് സഹായിക്കൂ എന്ന് കെജ്‌രിവാള്‍ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം പിടിവിട്ട അവസ്ഥയില്‍ ഇന്ന് മൂന്ന് യോഗങ്ങളാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പതിവ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.