ന്യൂഡല്‍ഹി: കോവിഡ് അതിരൂക്ഷമായി ബാധിച്ച പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചര്‍ച്ച ഡല്‍ഹി സര്‍ക്കാര്‍ ടെലിവിഷനില്‍ തത്സമയം പ്രദര്‍ശിപ്പിച്ചത് വിവാദമായി. യോഗം പുരോഗമിക്കുന്നതിനിടെ വിശദാംശങ്ങള്‍ ടെലിവിഷനില്‍ തത്സമയം പ്രദര്‍ശിപ്പിച്ചതില്‍ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു. യോഗം രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാറ്റിയെന്നാണ് കേന്ദ്രത്തിന്റെ വിമര്‍ശനം. കേജ്രിവാള്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.
ഇത് എന്താണ് ഇവിടെ സംഭവിക്കുന്നത്. ചില മുഖ്യമന്ത്രിമാര്‍ അതീവ രഹസ്യ പ്രാധാന്യമുള്ള ഒരു യോഗം തത്സമയം ടെലിവിഷനിലൂടെ പ്രദര്‍ശിപ്പിക്കുന്നു. ഇത് നമ്മുടെ കീഴ്വഴക്കത്തിനും പ്രോട്ടോക്കോളിനും എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട കേജ്രിവാള്‍ ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നു പ്രധാനമന്ത്രിക്കു ഉറപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ പ്രധാനമന്ത്രിയുടെ യോഗം തത്സമയം സംപ്രേഷണം ചെയ്യരുതെന്നു പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് യാതൊരു തരത്തിലുള്ള നിര്‍ദേശവും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ അസൗകര്യമുണ്ടായതില്‍ ഖേദിക്കുന്നുവെന്നു കേജ്രിവാളിന്റെ ഓഫിസ് പ്രതികരിച്ചു.
യോഗത്തില്‍ വളരെ വൈകാരികമായാണ് കേജ്രിവാള്‍ സംസാരിച്ചത്. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം വര്‍ധിക്കുകയാണ്. ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇല്ലെങ്കില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കില്ലെന്നാണോ? ഡല്‍ഹിയിലെ ആശുപത്രികളില്‍ രോഗികള്‍ ഓക്്‌സിജന്‍ അഭാവം മൂലം മരണം കാത്തുകിടക്കുമ്പോള്‍ ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതന്നും കേജ്രിവാള്‍ പ്രധാനമന്ത്രിയോട് ചോദിച്ചു.
ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് നിരവധി ആശുപത്രികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരുന്നു. വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാനാന്തര ഓക്‌സിജന്‍ സിലിണ്ടര്‍ നീക്കത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി. സിലിണ്ടറുകളുമായി നീങ്ങുന്ന വാഹനങ്ങളെ അതിര്‍ത്തികളില്‍ തടയരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
രാജ്യത്ത് കോവിഡ് രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. രോഗികളുടെ എണ്ണം പെരുകിയതോടെ മെഡിക്കല്‍ ഓക്സിജന്‍ ഉപയോഗം പതിന്മടങ്ങായി വര്‍ധിച്ചിരുന്നു. ഇതിനാവശ്യമായ ഓക്സിജന്‍ വിതരണം ഇല്ലാത്തത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത പ്രതിസന്ധി സൃഷ്്ടിക്കുകയാണ്.
ഹൈക്കോടതി വരെ നേരിട്ട് ഇടപെട്ട് ഡല്‍ഹിക്ക് ആവശ്യമായി ഓക്സിജന്‍ വിതരണം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഉത്തരവിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ഗുരുതര രോഗ വ്യാപനം നേരിടുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിട്ടു നിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.