കോവിഡ്: ഇന്ത്യക്ക് വെന്റിലേറ്റര്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാഗ്ദാനം ചെയത് പാകിസ്താന്‍

കോവിഡ്: ഇന്ത്യക്ക് വെന്റിലേറ്റര്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാഗ്ദാനം ചെയത് പാകിസ്താന്‍

ഇസ്ലാമാബാദ്: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യക്ക് വെന്റിലേറ്റര്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാഗ്ദാനം ചെയത് പാകിസ്താന്‍. ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന്റ ഭാഗമായാണ് വെന്റിലേറ്ററുകള്‍, ഡിജിറ്റല്‍ എക്‌സ്-റേ മെഷീനുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാഗ്ദാനം ചെയ്തതെന്നു പാകിസ്ഥാന്‍ വിദേശകാര്യ കാര്യാലയം പ്രസ്താവനയില്‍ പറഞ്ഞു.

ദുരിതാശ്വാസ വസ്തുക്കള്‍ വേഗത്തില്‍ എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പാകിസ്ഥാനിലെയും ഇന്ത്യയിലെയും ബന്ധപ്പെട്ട അധികാരികള്‍ തീരുമാനിക്കും. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുമെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മന്ത്രിമാരും രംഗത്തെത്തിയിരുന്നു. കോവിഡ് ബാധിച്ചവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ഇമ്രാന്‍ ഖാന്‍ ആശംസിച്ചു. ഇന്ത്യന്‍ ജനതയ്ക്ക് സഹായം നല്‍കാന്‍ അദ്ദേഹം കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ഇമ്രാന്‍ ഖാന്റെ ട്വീറ്റ്.
കോവിഡ് -19 ന്റെ അപകടകരമായ തരംഗത്തിനെതിരെ പോരാടുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ആഗോള വെല്ലുവിളിക്കെതിരേ നമ്മള്‍ ഒരുമിച്ച് പോരാടണം-പാക് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇമ്രാന്‍ ഖാനെ കൂടാതെ പാകിസ്താന്‍ മന്ത്രിസഭാ അംഗങ്ങളും രാഷ്ട്രീയ നേതാക്കളും ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രയാസകരമായ ഘട്ടത്തില്‍ നമ്മുടെ പ്രാര്‍ഥന ഇന്ത്യന്‍ ജനതയ്‌ക്കൊപ്പമാണ്. ദൈവം ദയ കാണിക്കട്ടെ, ഈ പ്രയാസകരമായ സമയം ഉടന്‍ അവസാനിക്കട്ടെ' പാക് ഐടി മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഇന്ത്യയില്‍ സേവനം ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പാകിസ്താനിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.