'തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും': രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

 'തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും': രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: കല്‍ക്കട്ട ഹൈക്കോടതിക്ക് പിന്നാലെ കോവിഡ് വ്യാപനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മദ്രാസ് ഹൈക്കോടതിയുടെയും രൂക്ഷ വിമര്‍ശനം.

രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്നത് തടയാന്‍ കഴിയാതിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിയെന്ന് പറഞ്ഞ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്നും വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനര്‍ജിയാണ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചത്.

കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണല്‍ തടയേണ്ടി വരുമെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

പൊതുജനാരോഗ്യം പരമ പ്രധാനമാണെന്നും ഇത് ഓര്‍മ്മപ്പെടുത്തേണ്ടത് സങ്കടകരമാണെന്നും കോടതി പറഞ്ഞു. 'ഒരു പൗരന്‍ അതിജീവിക്കുമ്പോള്‍ മാത്രമേ ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ. ഇപ്പോള്‍ സ്ഥിതി നിലനില്‍പ്പും സംരക്ഷണവുമാണ്. ബാക്കി എല്ലാം അതുകഴിഞ്ഞേ വരൂ'- ഹൈക്കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പ് റാലികള്‍ നടക്കുമ്പോള്‍ നിങ്ങള്‍ അന്യ ഗ്രഹത്തിലായിരുന്നോയെന്നും കോവിഡ് വ്യാപനം നടക്കാതിരിക്കാന്‍ എന്തു നടപടിയാണ് നിങ്ങള്‍ സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞു.

വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഈ മാസം 30-ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും തമിഴ്നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ കല്‍ക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.