ഈശോ കൂലിക്കാരനല്ല; പിതാവ് ഏൽപ്പിച്ച അജഗണങ്ങളുടെ നല്ല ഇടയനാണ്

ഈശോ കൂലിക്കാരനല്ല; പിതാവ് ഏൽപ്പിച്ച അജഗണങ്ങളുടെ നല്ല ഇടയനാണ്

വത്തിക്കാൻ സിറ്റി: ഈസ്റ്ററിന്റെ നാലാം ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ വിശ്വസികളെ ഫ്രാൻസിസ് മാർപാപ്പ അഭിവാദ്യം ചെയ്തു. നല്ലിടയന്റെ ഞായറായി ആഘോഷിച്ച കഴിഞ്ഞ ഞായറാഴ്ചത്തെ സന്ദേശത്തിൽ
യോഹന്നാന്റെ സുവിശേഷത്തിലെ തന്റെ ആടുകളെ സംരക്ഷിക്കുകയും അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന യഥാർത്ഥ ഇടയനായി യേശു തന്നെത്തന്നെ അവതരിപ്പിച്ചിരിക്കുന്ന ഭാഗമാണ് പാപ്പാ പങ്ക് വച്ചത്.

യേശു സംരക്ഷിക്കുന്നു

പണത്തിനുവേണ്ടി മാത്രം പണിയെടുക്കുന്ന കൂലിപ്പണിക്കാരനായ ഇടയനെപ്പോലെ അല്ല ഈശോ എന്ന് അവിടുന്ന് പറയുന്നു. മാത്രമല്ല കൂലിക്കാരൻ ആടുകളെ യഥാർത്ഥത്തിൽ പരിപാലിക്കുന്നുമില്ല. ചെന്നായ വരുമ്പോൾ അവൻ അവരെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. “പകരം, യഥാർത്ഥ ഇടയനായ യേശു തന്റെ വചനത്തിന്റെ വെളിച്ചത്തിലൂടെയും അവന്റെ സാന്നിധ്യത്തിന്റെ ശക്തിയിലൂടെയും വളരെ പ്രയാസകരവും അപകടകരവുമായ നിരവധി സാഹചര്യങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു”, മാർപ്പാപ്പ പറഞ്ഞു.

യേശു അറിയുന്നു

യേശുവിന് തന്റെ ആടുകളെ അറിയാം, ആടുകൾ അവനെ അറിയുന്നു. യേശുവിന് നാം ഒരു 'കൂട്ടം' അല്ല; അല്ലെങ്കിൽ ഒരു 'സമൂഹം' അല്ല, 'അനന്യ വ്യക്തികൾ'ആണ്. നാം ഓരോരുത്തരും "ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്തു". അവൻ നമ്മെ മറ്റാരിലുമല്ല,
പ്രവാചകന്മാർ നൽകിയ ജനങ്ങളുടെ ഇടയന്റെ പ്രതിച്ഛായയുടെ പൂർത്തീകരണമായ അവനിൽത്തന്നെയാണ് നമ്മെ അറിയുന്നത്. "അവൻ തന്റെ ആടുകളെക്കുറിച്ച് ഉൽക്കണ്ഠാകുലനാണ് . അവൻ അവയെ ശേഖരിക്കുന്നു, മുറിവുകൾ വച്ചു കെട്ടുന്നു, അവരുടെ രോഗങ്ങളെ സുഖപ്പെടുത്തുന്നു", പാപ്പാ പറഞ്ഞു.

യേശു സ്നേഹിക്കുന്നു

എല്ലാറ്റിനുമുപരിയായി യേശു തന്റെ ആടുകളെ സ്നേഹിക്കുന്നു. അതുകൊണ്ടാണ് അവൻ അവർക്കുവേണ്ടി തന്റെ ജീവൻ നൽകുന്നത് . തന്റെ ആടുകളോടുള്ള സ്നേഹം, അതായത്, നാമോരോരുത്തരോടും ഉള്ള സ്നേഹം അവനെ ക്രൂശിൽ മരിക്കാൻ പ്രേരിപ്പിക്കും. ക്രിസ്തുവിന്റെ സ്നേഹം ആരെയും വേർതിരിക്കുന്നില്ല; അത് എല്ലാവരെയും ഉൾക്കൊള്ളുന്നു. "എല്ലാവർക്കും പിതാവിന്റെ സ്നേഹം സ്വീകരിക്കാനും ജീവൻ ലഭിക്കാനും യേശു ആഗ്രഹിക്കുന്നു", പാപ്പാ പറഞ്ഞു.

ക്രിസ്തുവിന്റെ സാർവത്രിക ദൗത്യം

ക്രിസ്തുവിന്റെ സാർവത്രിക ദൗത്യം തുടരുന്നതിനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. "നമ്മുടെ കൂട്ടായ്മകളിൽ സ്ഥിരമായി പങ്കെടുക്കുന്നവരല്ലാതെ പലരും ചില പ്രത്യേക അവസരങ്ങളിൽ മാത്രം പങ്കെടുക്കുന്നവരോ അല്ലെങ്കിൽ ഒരിക്കൽ പോലും പങ്കെടുക്കാത്തവരോ ആവാം. എന്നാൽ ഇതിനർത്ഥം അവർ ദൈവത്തിന്റെ മക്കളല്ല എന്നല്ല. പിതാവ് നല്ല ഇടയനായ ക്രിസ്തുവിനെ എൽപ്പിച്ചിരിക്കുന്ന മക്കളാണവർ", മാർപ്പാപ്പ പറഞ്ഞു.
യേശു തന്റെ ഓരോ ആടുകളെയും സംരക്ഷിക്കുകയും അറിയുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് പാപ്പാ അവസാനിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.