കോവിഡ് ഭീഷണിയില്‍ ഐപിഎല്‍ താരങ്ങള്‍ പിന്‍മാറുന്നു; ഇതുവരെ കളിക്കളം വിട്ടത് അഞ്ച് പേര്‍

കോവിഡ് ഭീഷണിയില്‍ ഐപിഎല്‍ താരങ്ങള്‍ പിന്‍മാറുന്നു; ഇതുവരെ കളിക്കളം വിട്ടത് അഞ്ച് പേര്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ താരങ്ങള്‍ ഒന്നൊന്നായി പിന്‍മാറുന്നത് ഐപിഎലിനു തിരിച്ചടിയായി. രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, ഓസ്‌ട്രേലിയന്‍ താരങ്ങളായ ആന്‍ഡ്രു ടൈ, കെയ്ന്‍ റിച്ചഡ്‌സന്‍, ആദം സാംപ എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി.

ആശങ്കാജനകമായ സാഹചര്യത്തില്‍ കുടുംബത്തിനൊപ്പം നില്‍ക്കാനാണ് താന്‍ മാറുന്നതെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അശ്വിന്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ ഓസ്‌ട്രേലിയ വിലക്കുമെന്നതിനാലാണ് രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രു ടൈ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളായ കെയ്ന്‍ റിച്ചഡ്‌സന്‍, ആദം സാംപ എന്നിവരുടെ പിന്‍മാറ്റം.

എന്നാല്‍ ടൂര്‍ണമെന്റ് തടസമില്ലാതെ നടക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ആവര്‍ത്തിച്ചു.
പേസ് ബോളറായ റിച്ചഡ്‌സനെ നാല് കോടി രൂപയ്ക്കും ലെഗ് സ്പിന്നറായ സാംപയെ 1.5 കോടി രൂപയ്ക്കുമാണ് ബാംഗ്ലൂര്‍ ടീമിലെടുത്തത്. റിച്ചഡ്‌സന്‍ രാജസ്ഥാനെതിരെയുള്ള ഒരു മത്സരം മാത്രം കളിച്ചു.

സാംപയ്ക്ക് ഇതുവരെ പ്ലേയിങ് ഇലവനില്‍ ഇടം കിട്ടിയിട്ടില്ല. ഒരു കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയ ടൈയും ഇതുവരെ കളിച്ചിച്ചിട്ടില്ല. മത്സരങ്ങളില്ലാതെ ദീര്‍ഘകാലം ജൈവ സുരക്ഷാ വലയത്തില്‍ തുടരുന്നതിന്റെ ബുദ്ധിമുട്ട് കൂടിയാണ് ഓസീസ് താരങ്ങളുടെ പിന്‍മാറ്റത്തിനു കാരണം. ഐപിഎല്‍ കഴിയുമ്പോള്‍ തങ്ങളുടെ താരങ്ങള്‍ക്കെല്ലാമായി പ്രത്യേക വിമാനം ഏര്‍പ്പെടുത്താനായിരുന്നു നേരത്തേ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിച്ചിരുന്നത്.

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ് എന്നിവരുള്‍പ്പെടെ 14 ഓസീസ് താരങ്ങള്‍ ഐപിഎലിലുണ്ട്. റിക്കി പോണ്ടിങ്, സൈമണ്‍ കാറ്റിച്ച് എന്നിവര്‍ പരിശീലകരും മാത്യു ഹെയ്ഡന്‍, ബ്രെറ്റ് ലീ തുടങ്ങിയവര്‍ കമന്റേറ്റര്‍മാരുമായുണ്ട്. ജൂണില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര വരാനിരിക്കുന്നതിനാല്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ മേയ് മധ്യത്തില്‍ മടങ്ങിയേക്കും. മേയ് 30ന് അഹമ്മദാബാദിലാണ് ഐപിഎല്‍ ഫൈനല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.