തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനിയില്‍ സ്പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നു തന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്ജീവനി പദ്ധതി.
സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉള്‍പ്പടെ 35ല്‍ പരം വിവിധ ഒപി സേവനങ്ങളാണ് ഇ-സഞ്ജീവനി വഴി നല്‍കുന്നത്. തുടര്‍ ചികിത്സയ്ക്കും കോവിഡ് രോഗികള്‍ക്കും ഐസലേഷനിലുള്ളവര്‍ക്കും ഗൃഹ സന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഡോക്ടര്‍മാരുടെ സേവനം തേടാം.
ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണം ഉണ്ടായാല്‍ ഇ-സഞ്ജീവനിയില്‍ വിളിച്ച് സംശയങ്ങള്‍ ദൂരീകരിക്കാം. ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് ജനറല്‍ ഒപി പ്രവര്‍ത്തിക്കുന്നത്. ഏത് വിധത്തിലുള്ള അസുഖങ്ങള്‍ക്കും ചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്കും സേവനം തേടാം. സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ആവശ്യമുള്ളവരെ അതാത് വിഭാഗങ്ങളിലേക്ക് റഫര്‍ ചെയ്യും.
ശിശുരോഗ വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ), സൈക്യാട്രി ഒപി (തിങ്കള്‍ മുതല്‍ ശനിവരെ വരെ രാവിലെ 9 മുതല്‍ വൈകിട്ട് 8 വരെ), കോവിഡ് ഒപി (ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെ), ഡിഇഐസി ഒപി (തിങ്കള്‍ മുതല്‍ വെള്ളിവരെ 10 മുതല്‍ വൈകിട്ട് 4 വരെ), കൗമാര ക്ലിനിക്ക് (തിങ്കള്‍ മുതല്‍ വെള്ളിവരെ 9:30 മുതല്‍ വൈകിട്ട് 3 വരെ) ജനറല്‍ സര്‍ജറി ഒപി (ദിവസവും രാവിലെ 9 മുതല്‍ രാത്രി 8 വരെ) അസ്ഥിരോഗ ഒപി (ഞായര്‍, വെള്ളി രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ).
നെഞ്ച് രോഗ/ ശ്വാസകോശ രോഗ ഒപി ( ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ) ത്വക്രോഗ ഒപി (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ) ഗൈനക്കോളജി വിഭാഗം ഒപി (തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ) ജനറല്‍ മെഡിസിന്‍ വിഭാഗം (ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ) ഇഎന്‍ടി ഒപി (ദിവസവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ) കാര്‍ഡിയോളജി ഒപി (വെള്ളിയാഴ്ച 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ) തുടങ്ങിയ സ്പെഷ്യാലിറ്റി ഒപികളും പ്രവര്‍ത്തിക്കുന്നു.
കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇസഞ്ജീവനി വഴി സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ 4.15 വരെ), ഇംഹാന്‍സ് കോഴിക്കോട് (ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ), ആര്‍സിസി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 4.15 വരെ), കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ (ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ), മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശേരി (തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 3 മുതല്‍ വൈകിട്ട് 4 വരെ) തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങളും ലഭ്യമാണ്.
20 ഓളം സേവനങ്ങളാണ് ഈ വിഭാഗങ്ങളില്‍നിന്നും ലഭ്യമാകുന്നത്. നേത്രരോഗ വിഭാഗം ഒപി, പാലിയേറ്റീവ് ആന്റ് ഓങ്കോളജി വിഭാഗം ഒപി, ദന്തരോഗ വിഭാഗം ഒപി, ഹീമോഫീലിയ ഒപി തുടങ്ങിയ സ്പെഷ്യാലിറ്റി ഒപികളും ഉടനെ ആരംഭിക്കും.
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടെങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം. ആവശ്യമുള്ള വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.
വിഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടനെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 1056, 0471 2552056 എന്നീ നമ്പരില്‍ വിളിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.