നെതര്‍ലന്‍ഡ്‌സില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് ലഹരികടത്താന്‍ ശ്രമം: രണ്ടു പേര്‍ സിഡ്‌നിയില്‍ പിടിയില്‍

നെതര്‍ലന്‍ഡ്‌സില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് ലഹരികടത്താന്‍ ശ്രമം: രണ്ടു പേര്‍ സിഡ്‌നിയില്‍ പിടിയില്‍

സിഡ്‌നി: 2019-ല്‍ നെതര്‍ലന്‍ഡ്‌സില്‍നിന്ന് ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡ് സംസ്ഥാനത്തേക്കു ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ സിഡ്‌നിയില്‍ അറസ്റ്റിന്‍. വിപണിയില്‍ 302 ദശലക്ഷം ഡോളര്‍ വിലവരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച കേസിലാണ് ടോണി സ്പിറ്റാലേരി (46), ആന്റണി സ്‌ക്വാഡ്രിറ്റോ (19) എന്നിവരെ ബുധനാഴ്ച സിഡ്‌നിയില്‍ അറസ്റ്റ് ചെയ്തത്. ക്വീന്‍സ് ലന്‍ഡ് പോലീസിനു കൈമാറിയ ഇവരെ ബ്രിസ്ബന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. രാജ്യാന്തര മയക്കുമരുന്നു കള്ളക്കടത്തു സംഘവുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായത്.

2019-ല്‍ നെതര്‍ലന്‍ഡ്‌സിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 850 കിലോഗ്രാമില്‍ കൂടുതല്‍ എം.ഡി.എം.എ ലഹരിമരുന്ന് ഷിപ്പിംഗ് കണ്ടെയ്‌നറില്‍ തക്കാളി ടിന്നുകളില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇവ ക്വീന്‍സ്ലന്‍ഡ് സംസ്ഥാനത്തേക്കു കടത്താനായിരുന്നു ശ്രമം. 15 ദശലക്ഷത്തിലധികം ഗുളികകളാക്കി മാറ്റാന്‍ കഴിയുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

2019 ല്‍ നെതര്‍ലന്‍ഡുമായി ചേര്‍ന്ന് ആരംഭിച്ച സംയുക്ത അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റുകള്‍. ഇതുവരെ പതിമൂന്നു പേരാണ് കേസില്‍ അറസ്റ്റിലായത്. ആറ് വകുപ്പുകള്‍ ഉള്‍പ്പെട്ട ക്വീന്‍സ് ലന്‍ഡ് ടാസ്‌ക്‌ഫോഴ്സ് രാജ്യാന്തര അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്ന് എഎഫ്പി ഡിറ്റക്ടീവ് സൂപ്രണ്ട് ഹെലന്‍ ഷ്‌നൈഡര്‍ പറഞ്ഞു.

അറസ്റ്റുകളിലൂടെ 15 ദശലക്ഷം ഗുളികകള്‍ ഓസ്ട്രേലിയന്‍ എത്തുന്നത് തടയാനായതായി ഹെലന്‍ ഷ്‌നൈഡര്‍ പറഞ്ഞു. നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ലഹരികടത്ത് സംഘങ്ങള്‍ ഓസ്ട്രേലിയയിലേക്ക് ഇത്തരം മരുന്നുകള്‍ കയറ്റുമതി ചെയ്യാനും വില്‍ക്കാനും വിതരണം ചെയ്യാനും ശ്രമിക്കുന്നതായി പോലീസ് വെളിപ്പെടുത്തി. ജീവപര്യന്തം വരെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കേസാണിതെന്ന് ഷ്‌നൈഡര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26