കൊടകരയിലെ കുഴല്‍പ്പണം കര്‍ണാടകയില്‍ നിന്ന്; ഉന്നത ബിജെപി നേതാക്കളുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടതായി സിപിഎം

കൊടകരയിലെ കുഴല്‍പ്പണം കര്‍ണാടകയില്‍ നിന്ന്; ഉന്നത ബിജെപി നേതാക്കളുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടതായി സിപിഎം

കൊച്ചി: തൃശൂര്‍ കൊടകര കുഴല്‍ പണ കേസില്‍ ഉന്നത ബിജെപി നേതാക്കളുടെ പങ്ക് കൂടുതല്‍ വെളിപ്പെട്ടതായി സിപിഎം. ചെറിയ മീനുകള്‍ മാത്രമാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. ഇതിന് പിന്നില്‍ ഉന്നത ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് കുഴല്‍പണം കടത്തിയത്. ഇതിനകം പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.

തീവ്ര വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും ബിജെപി കുഴല്‍പണം കടത്തുന്നുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. നോട്ടു നിരോധനം കള്ളപണം കണ്ടെത്താനാണെന്ന് പ്രഖ്യാപിച്ച ബിജെപി തന്നെ കള്ളപണത്തിന്റെ വാഹകരായത് ആ പാര്‍ച്ചിയുടെ ജീര്‍ണതയ്ക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും തെളിവാണ്. ആര്‍എസ്എസിന്റെ അറിവോടെയാണ് ഈ കള്ളപ്പണമിടപാട് നടന്നത്. വരും ദിവസങ്ങളില്‍ ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യങ്ങളുടെ കൂടുതല്‍ ചുരുള്‍ നിവരുമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

മൂന്നര കോടി രൂപയുടെ കള്ളപണം കൊള്ളയടിച്ച സംഭവം പുറത്തുവന്നപ്പോള്‍ തന്നെ ബിജെപി ഉന്നത ബന്ധം സിപിഎം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ബിജെപി നേതൃത്വം അത് നിഷേധിക്കുകയാണ് ചെയ്തത്. സിപിഎമ്മിനെതിരെ കേസ് കൊടുക്കുമെന്നും ഭീഷണി മുഴക്കി. കുഴല്‍പ്പണം കടത്തിയതിന് പിന്നില്‍ ഒരു ദേശീയ പാര്‍ട്ടിയെന്ന് മാത്രം പറഞ്ഞ് ബിജെപി ബന്ധം മറച്ചുവെച്ച മാധ്യമങ്ങളും വൈകിയാണെങ്കിലും ബിജെപിയുടെ പേര് പറയാന്‍ നിര്‍ബന്ധിതരായി. ഒരു നിലക്കും ആര്‍ക്കും അവഗണിക്കാനാകാത്ത തെളിവാണ് പുറത്തുവരുന്നതെന്ന് ഇവ വ്യക്തമാക്കുന്നു.

കേരളത്തിലും പുറത്തുമുള്ള ബിജെപി ഉന്നത നേതാക്കളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സമയത്ത് കര്‍ണാടകയില്‍നിന്ന് കള്ളപ്പണം കൊണ്ടുവന്നത്. കേരളത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചത് കര്‍ണാടകയില്‍നിന്നുള്ള ബിജെപി നേതാക്കളും മന്ത്രിമാരുമായിരുന്നു. കേരളത്തിലെത്തിച്ച പണത്തിന്റെ ഒരു ഭാഗം മാത്രമാണ് കൊള്ളയടിക്കപ്പെട്ടത്. അതിലും എത്രയോ വലിയ തുക ബിജെപി നേതാക്കള്‍ക്ക് ലഭിച്ചു കാണുമെന്നും വിലയിരുത്തപ്പെടുന്നു. ഇക്കാര്യം വരും നാളുകളില്‍ അന്വേഷണത്തില്‍ പുറത്തുവരും.

കള്ളപണം ഇടപാട് ഒരു പരാതിയുമില്ലാതെ തന്നെ അന്വേഷിക്കേണ്ട കേന്ദ്ര ഏജന്‍സികളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും. എന്നാല്‍ പരാതി കിട്ടിയിട്ടുപോലും ഈ ഏജന്‍സികള്‍ സംഭവം അറിഞ്ഞ മട്ടില്ല. അന്വേഷണം ബിജെപി ഉന്നതരില്‍ എത്തുമെന്നതിനാലാണിതെന്ന് കരുതപ്പെടുന്നു. കന്ദ്ര ഏജന്‍സികളുടെ രാഷ്ട്രീയ അടിമത്വവും ഇരട്ടമുഖവുമാണ് ഇവിടെ തെളിയുന്നതെന്നും സിപിഎം സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.