തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെതുടര്‍ന്ന് ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 40,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നിലവില്‍ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ ജലം തുറന്നുവിടും. ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഓറഞ്ച് അലര്‍ട്ടാണ് ഇടുക്കി ഡാമില്‍ നിലനില്‍ക്കുന്നത്. 2399.03 അടി ആയാല്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക.
നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മാത്രമാണ് ഇടുക്കി ഡാം തുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. മറ്റ് അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തനസജ്ജമാണ്.