കൊളംബോ: പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പടരുന്നു. വിശാഖപട്ടണത്ത് നടന്ന 'മിലാൻ' നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്റെ ഫ്രിഗേറ്റ് ക്ലാസ് യുദ്ധക്കപ്പലായ ഐആർഐഎസ് ദേന അമേരിക്കൻ ആണവ അന്തർവാഹിനി ടോർപ്പിഡോ തൊടുത്ത് തകർത്തു. 180 നാവികരുണ്ടായിരുന്ന കപ്പലിൽ നിന്ന് ഇതുവരെ 87 മൃതദേഹങ്ങൾ കണ്ടെടുത്തു. 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. ബാക്കി 60 ഓളം പേർക്കായി തിരച്ചിൽ തുടരുകയാണ്.
ശ്രീലങ്കയിലെ ഗാലെ തുറമുഖത്തിന് 40 നോട്ടിക്കൽ മൈൽ അകലെ രാജ്യാന്തര സമുദ്രാതിർത്തിയിൽ വെച്ചായിരുന്നു ആക്രമണം. അമേരിക്കയുടെ അത്യാധുനിക മുങ്ങിക്കപ്പലിൽ നിന്നുള്ള ടോർപ്പിഡോ പ്രഹരത്തിൽ കപ്പൽ പൂർണ്ണമായും കടലിലാണ്ടു. നിശബ്ദ മരണം എന്നാണ് ഈ നീക്കത്തെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റർ ഹേഗ്സേത്ത് വിശേഷിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒരു ശത്രു രാജ്യത്തിന്റെ കപ്പലിനെ അമേരിക്ക ടോർപ്പിഡോ ഉപയോഗിച്ച് തകർക്കുന്നതെന്ന് അദേഹം സ്ഥിരീകരിച്ചു. കപ്പൽ തകരുന്നതിന്റെ വീഡിയോയും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്.
കപ്പലിൽ നിന്ന് അപായ സന്ദേശം ലഭിച്ചയുടൻ ലങ്കൻ നാവികസേനയും വ്യോമസേനയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അറിയിച്ചു.
ഇന്ത്യൻ നാവികസേനയുടെ ആതിഥേയത്വത്തിൽ നടന്ന മിലാൻ നാവികാഭ്യാസത്തിന് പിന്നാലെ, ഇന്ത്യൻ തീരത്തിനടുത്ത് വെച്ച് നടന്ന ഈ ആക്രമണത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തങ്ങളുടെ പ്രമുഖ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാൻ കടുത്ത പ്രതിഷേധത്തിലാണ്. മേഖലയിൽ സംഘർഷം മൂർച്ഛിക്കാൻ ഈ സംഭവം കാരണമായേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.