'ക്രൈസ്തവരായ ജീവനക്കാര്‍ വരുമാന നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നു': അടിസ്ഥാനമില്ലാത്ത പരാതിയിന്മേല്‍ ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

'ക്രൈസ്തവരായ ജീവനക്കാര്‍ വരുമാന നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നു': അടിസ്ഥാനമില്ലാത്ത പരാതിയിന്മേല്‍ ഇറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ക്രൈസ്തവരായ ജീവനക്കാര്‍ വരുമാന നികുതി അടയ്ക്കാതെ നിയമ ലംഘനം നടത്തുന്നുവെന്ന അടിസ്ഥാനമില്ലാത്ത പരാതിയില്‍ അന്വേഷണം നടത്തണമെന്ന വിവാദ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു.

ക്രൈസ്തവ സമുഹത്തെ അപമാനിക്കുന്ന തരത്തില്‍ ഇറക്കിയ സര്‍ക്കുലര്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. കഴിഞ്ഞ 13 ന് ഇറക്കിയ സര്‍ക്കുലറില്‍ തുടര്‍ നടപടികള്‍ വേണ്ടെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ പുതിയ സര്‍ക്കുലറില്‍ പറയുന്നത്.

കോഴിക്കോട് കാരന്തൂര്‍ സ്വദേശി കെ. അബ്ദുള്‍ കലാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്‍പിന്‍ നോക്കാതെ വിദ്യാഭ്യസ വകുപ്പ് നിരുത്തരവാദപരമായ സര്‍ക്കുലര്‍ ഇറക്കിയത്. പരാതിയില്‍ പറഞ്ഞിട്ടുള്ള വരുമാന നികുതി വിഷയം കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണെന്ന പ്രാഥമിക അറിവ് പോലും വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇല്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പ് വിജിലന്‍സ് വിഭാഗമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. ഒരു പ്രത്യേക മതവിഭാഗത്തിലെ ആളുകളെ മാത്രം ലക്ഷ്യമിട്ട് ഒരു വ്യക്തി പരാതി നല്‍കിയപ്പോള്‍ പരാതിക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന പ്രാഥമിക പരിശോധന പോലും നടത്താതെയാണ് സര്‍ക്കുലര്‍ ഇറക്കിയത്.

ക്രിസ്ത്യന്‍ സഭകള്‍ നടത്തുന്ന എയ്ഡഡ് കോളജുകള്‍, സ്‌കുളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രൈസ്തവ വിശ്വാസികളായ ജീവനക്കാര്‍ വരുമാന നികുതി നിയമങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ നിലവിലുള്ള മറ്റ് സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ ഒരു രൂപ പോലും വരുമാന നികുതി അടയ്ക്കാതെ മുങ്ങി നടക്കുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

ഈ പരാതിയിന്മേലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര പരിശോധനകള്‍ നടത്താതെ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ക്ക് അന്വേഷണത്തിനായി സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍ ഇത് വിവാദമായതിന് പിന്നാലെ ഇന്നലെ ഇറക്കിയ സര്‍ക്കുലറില്‍ ക്രൈസ്തവ വിശ്വാസികള്‍ എന്ന പരാമര്‍ശം ഒഴിവാക്കുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.