ഇന്ത്യ അടിയന്തരമായി അടച്ചിടണമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്

ഇന്ത്യ അടിയന്തരമായി അടച്ചിടണമെന്ന് വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: ഏതാനും ആഴ്ചകള്‍ രാജ്യം പൂര്‍ണമായി അടച്ചിടുന്നതാണ് ഇന്ത്യയിലെ രൂക്ഷമായ കോവിഡ് വ്യാപനം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്നു വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. അന്തോണി ഫൗചി.

ഒരു രാജ്യവും സ്വയം പൂട്ടിയിടാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ വളരെ ബുദ്ധിമുട്ടുള്ളതും നിരാശജനകവുമായ ഈ അവസ്ഥയില്‍ നിര്‍ണായകമായ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് പുതിയ വഴിത്തിരിവുകളുണ്ടാക്കും.
ഇന്ത്യയിലെ ഇപ്പോഴത്തെ മോശം സാഹചര്യത്തെ വിമര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കാരണം അതൊരു രാഷ്ട്രീയ പ്രശ്‌നമായിത്തീരും. താന്‍ ഒരു രാഷ്ട്രീയപ്രവര്‍ത്തകനല്ല, പൊതുജനാരോഗ്യ പ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു.

വളരെ നിരാശാജനകമാണ് ഇന്ത്യയിലെ സാഹചര്യങ്ങളെന്ന് മാധ്യമങ്ങളില്‍ വരുന്ന ദൃശ്യങ്ങളിലൂടെ മനസിലാക്കാം. ഇതുപോലുള്ള സാഹചര്യമുണ്ടാകുമ്പോള്‍ ഉടനടി നടപടി സ്വീകരിക്കണം. തെരുവില്‍ ചിലര്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടി ഓക്‌സിജനായി അലയുന്നത് കണ്ടു. കേന്ദ്രതലത്തില്‍ ഒരു ആസൂത്രണവും സംഘാടനവും ഇല്ലെന്ന് അവര്‍ കരുതുമെന്ന് ഫൗചി പറഞ്ഞു.

ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ ആദ്യം ചെയ്യുക എന്നതാണ് ഇപ്പോള്‍ വേണ്ടത്. ആളുകളെ പരിചരിക്കുന്നതിന് മുന്‍ഗണന നല്‍കണം. ഓക്‌സിജന്‍ എങ്ങനെ ലഭ്യമാക്കാമെന്ന് പദ്ധതി തയ്യാറാക്കാന്‍ ഒരു കമ്മിഷനോ ഗ്രൂപ്പോ രൂപീകരിക്കണം. എങ്ങനെ ഓക്‌സിജന്‍ ലഭിക്കും, എങ്ങനെ മരുന്നുകള്‍ ലഭിക്കുമെന്ന് അന്വേഷിക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ മറ്റു രാജ്യങ്ങളെ സമീപിക്കാമെന്നും ഫൗചി പറഞ്ഞു.

യു.എസ് മെഡിക്കല്‍ സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അടിയന്തര പ്രശ്‌നം പരിഹരിക്കാന്‍ മറ്റു രാജ്യങ്ങളും ശ്രമിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോ ബൈഡന്‍ ഭരണകൂടത്തിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവായ ഫൗചി ഏഴ് യു.എസ് പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.