ആര് വാഴും?.. ആര് വീഴും?.. വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്തു; വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ആര് വാഴും?.. ആര് വീഴും?.. വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്തു; വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: കേരളം ആര് ഭരിക്കും?.. തുടര്‍ ഭരണമോ?.. അതോ, പുതു ഭരണമോ?... കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമാകും.

കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും. സായുധസേനയുടെ സുരക്ഷയില്‍ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരിക്കുന്ന ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ രാവിലെ ആറ് മണിക്ക് പുറത്തെടുത്തതോടെ വോട്ടെണ്ണല്‍ നടപടികള്‍ക്ക് തുടക്കമായി.

രണ്ട് കോടിയിലധികം വോട്ടുകള്‍, 957 സ്ഥാനാര്‍ത്ഥികള്‍, 40,771 ബൂത്തുകള്‍. എട്ടുമണിക്ക് ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. റിസര്‍വ് ഉള്‍പ്പടെ 50,496 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 54,349 വിവിപാറ്റ് മെഷീനുകളുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതല്‍ അയ്യായിരം വരെ തപാല്‍ വോട്ടുകളുണ്ട്. ഇവയെണ്ണാന്‍ അഞ്ച് മുതല്‍ എട്ട് വരെ മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്.

എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ലീഡ് നില തെരഞ്ഞെടുപ്പ് കമ്മീഷന്റെ എന്‍കോര്‍ എന്ന സോഫ്റ്റ്‌വെയറിലാണ് അപ്ലോഡ് ചെയ്യുന്നത്. പിന്നീട് വെബ്‌സൈറ്റിലേക്കും അപ്‌ഡേറ്റ് ചെയ്യും. കഴിഞ്ഞതവണ ട്രെന്‍ഡ് എന്ന സോഫ്റ്റ്‌വെയറിലായിരുന്നുവെങ്കിലും ഇത്തവണ അതില്ല. പകരമുള്ള സോഫ്റ്റ്‌വെയര്‍ വഴി വിവരം നല്‍കുമെന്നാണ് കമ്മീഷന്റെ വിശദീകരണം

144 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെണ്ണാനായി സജ്ജീകരികരിച്ചിരിക്കുന്നത്. 527 ഹാളുകള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും 106 എണ്ണത്തില്‍ തപാല്‍ ബാലറ്റുകളും എണ്ണും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ 14 മേശകളാണുണ്ടായിരുന്നത് എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം ഉറപ്പാക്കാനായി ഇത്തവണ ഓരോ ഹാളിലും ഏഴ് മേശകളാണ് തയ്യാറാക്കുക. ഒരോ മേശയിലും കൗണ്ടിംഗ് സൂപ്പര്‍വൈസറും അസിസ്റ്റന്റ് കൗണ്ടിംഗ് ഏജന്റുമാരും ഉണ്ടാകും.

ആവശ്യമെങ്കില്‍ തപാല്‍ വോട്ടെണ്ണുന്ന മേശകളുടെ എണ്ണം രണ്ടാക്കാനും നിര്‍ദ്ദേശമുണ്ട്. ഇത്തവണ ഓരോ റൗണ്ടിലും 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. കഴിഞ്ഞ തവണ ഓരോ റൗണ്ടിലും 14 ബൂത്തുകളാണ് എണ്ണിയിരുന്നത്

തപാല്‍ ബാലറ്റ് എണ്ണാന്‍ ഓരോ മേശയിലും എ.ആര്‍.ഒ.യെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകളാണ് എണ്ണുന്നത്. അസാധുവായ ബാലറ്റ് തള്ളും. സര്‍വീസ് വോട്ടുകള്‍ ക്യു.ആര്‍ കോഡുപയോഗിച്ച് നമ്പരും മറ്റും പരിശോധിക്കും. തപാല്‍ ബാലറ്റുകള്‍ പൂര്‍ണമായും എണ്ണിത്തീര്‍ന്ന ശേഷമേ ഇവിഎമ്മിലെ അവസാനറൗണ്ട് എണ്ണുകയുള്ളു. 5,84,238 തപാല്‍ ബാലറ്റുകളാണ് ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ വിതരണം ചെയ്തത്. ഏപ്രില്‍ 28 വരെ 4,54,237 തപാല്‍ ബാലറ്റുകള്‍ തിരികെ ലഭിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട നോഡല്‍ ഓഫീസര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായിരിക്കും. ഇതിന് നോഡല്‍ ഹെല്‍ത്ത് ഓഫീസറുടെ സഹായവുമുണ്ടാകും. കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിന്റെ ഫലമോ രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാര്‍ഥികളെയോ ഏജന്റുമാരേയോ വോട്ടെണ്ണല്‍ ഹാളില്‍ കയറ്റില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് ജനങ്ങള്‍ കൂട്ടം കൂടരുതെന്നും നിര്‍ദ്ദേശമുണ്ട്.

പോസ്റ്റ്‌പോള്‍ സര്‍വ്വേ സൂചന അനുസരിച്ച് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പിക്കുന്നു. അതേസമയം സര്‍വ്വേ ഫലങ്ങളെ മറികടന്ന് ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. സര്‍വ്വേകള്‍ കാര്യമായ നേട്ടം പ്രവചിക്കുന്നില്ലെങ്കിലും ബിജെപിയും ശക്തമായി രംഗത്തുണ്ട്. സീറ്റ് നേട്ടം രണ്ടക്കം പിന്നിടുകയും ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യവും ഉണ്ടാകുമെന്ന് തന്നെയാണ് ബിജെപിയുടെ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.