പത്തനംതിട്ട: ആരംഭം മുതലുള്ള ആകാംക്ഷയ്ക്ക് അവസാനമായി റാന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് നാരായണന്റെ വിജയം. ആദ്യം മുതൽ കൂറ് വ്യക്തമാക്കിയ കോന്നിയും തിരുവല്ലയും ആറന്മുളയും. ജയമുറപ്പിച്ച് അടൂരും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ചുവപ്പണിഞ്ഞ് പത്തനംതിട്ടയും സംസ്ഥാനമാകെ ഇടതുതരംഗത്തിനൊപ്പം നിന്നു.
ഇടതുകോട്ടയായ റാന്നിയിൽ ആകാംക്ഷയ്ക്ക് ഒടുവിൽ എൽ.ഡി.എഫ്. വിജയക്കൊടി നാട്ടി. കേരള കോൺഗ്രസ് സ്ഥാനാർഥി പ്രമോദ് അവസാനംവരെ നീണ്ടുനിന്ന സസ്പെൻസിനൊടുവിൽ വിജയം ഉറപ്പിച്ചു.
ശബരിമല വിഷയവും പ്രളയവും കോവിഡുമെല്ലാം നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എല്ലാ മണ്ഡലങ്ങളിലും വിജയം നേടാനായത് എൽഡിഎഫിന് വലിയ നേട്ടമാണ്.
അടൂരിലും പതിയെ ലീഡുയർത്തിയായിരുന്നു എൽ.ഡി.എഫിന്റെ വിജയം. സി.പി.ഐയുടെ ചിറ്റയം ഗോപകുമാർ അവിടെ ഹാട്രിക് വിജയം നേടി. ഇടയ്ക്ക് ലീഡ് നിലയിൽ പിറകിൽ പോയെങ്കിലും മാത്യു ടി. തോമസിനെ തിരുവല്ല കൈവിട്ടില്ല. തിരുവല്ലയിൽ ജെ.ഡി.എസ് നേതാവായ മാത്യു ടി. തോമസിനിത് അഞ്ചാം വിജയമാണ്. 2006-മുതൽ തുടർച്ചയായി തിരുവല്ലയെ പ്രതിനിധീകരിക്കുന്ന മാത്യു ടി തോമസ് 2021-ലും മണ്ഡലം നിലനിർത്തി. കേരള കോൺഗ്രസ് (ജോസഫ്) നേതാവ് കുഞ്ഞുകോശി പോളായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. വോട്ടെണ്ണലിന്റെ ചില ഘട്ടങ്ങളിൽ കുഞ്ഞുകോശി പോൾ മുന്നിലെത്തിയെങ്കിലും ഒടുവിൽ ഫലം പുറത്തറിയുമ്പോൾ 11421 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാത്യു ടി. തോമസ് തിരുവല്ലയിൽനിന്ന് ജയിച്ചുകയറിയത്.
ആറന്മുളയിൽ തുടർച്ചയായ രണ്ടാംജയം നേടി വീണ ജോർജും ഇടതുപക്ഷത്തിന് കരുത്തായി.2016-ൽ അട്ടിമറിജയത്തിലൂടെ ആറന്മുള പിടിച്ചെടുത്ത വീണ ജോർജ് ഇത്തവണ മികച്ച ഭൂരിപക്ഷത്തിനാണ് വിജയം സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ തുടക്കംമുതൽ കൃത്യമായി ലീഡുയർത്തിയായിരുന്നു വീണയുടെ ജയം. 2016-ൽ 7646 വോട്ടിന് യു.ഡി.എഫിലെ കെ.ശിവദാസൻ നായരെ പരാജയപ്പെടുത്തിയ വീണാ ജോർജ് ഇത്തവണ പതിനായിരത്തിലേറെ വോട്ടുകൾക്കാണ് അതേ സ്ഥാനാർഥിയെ തന്നെ തോല്പിച്ചത്.
ശക്തമായ ത്രികോണമത്സരം നടന്ന കോന്നിയിൽ എൽ.ഡി.എഫിന്റെ കെ.യു. ജനീഷ്കുമാറും ജയിച്ചുകയറി. യു.ഡി.എഫിലെ റോബിൻ പീറ്റർ, എൻ.ഡി.എ. സ്ഥാനാർഥി കെ. സുരേന്ദ്രൻ എന്നിവരെ തറപ്പറ്റിച്ചാണ് കെ.യു. ജനീഷ്കുമാർ കോന്നി സീറ്റ് നിലനിർത്തിയത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മാത്രം ലീഡ് നേടാനായ റോബിൻ പീറ്ററിന് പിന്നീട് വെല്ലുവിളി ഉയർത്താനായില്ല. അവസാനംവരെ ജനീഷ്കുമാർ ലീഡ് നിലനിർത്തി.
ചിറ്റയം ഗോപകുമാറിന് അത്ര എളുപ്പമല്ലായിരുന്നു അടൂരിലെ കാര്യങ്ങൾ. രണ്ടക്കവും മൂന്നക്കവുമായി ലീഡ് ഉയർത്തിയ ചിറ്റയം പലഘട്ടങ്ങളിലും പരുങ്ങി. എന്നാൽ വോട്ടെണ്ണലിന്റെ അവസാന റൗണ്ടുകളിലേക്ക് കടന്നപ്പോൾ ചെറുതാണെങ്കിലും കൃത്യമായ ലീഡ് നിലനിർത്തി ചിറ്റയം വിജയത്തിലേക്ക് നീങ്ങുകയായിരുന്നു. 2016-ൽ 25324 വോട്ടിനായിരുന്നു ചിറ്റയം അടൂരിൽനിന്ന് ജയിച്ചുകയറിയത്. എന്നാൽ ഇത്തവണ അത്രയൊന്നും നേടാനായില്ലെങ്കിലും മണ്ഡലം കൈവിട്ടില്ലെന്നത് എൽഡിഎഫിന് ആശ്വസിക്കാം. യു.ഡി.എഫിലെ എം.ജി. കണ്ണൻ അവസാനംവരെ ആവേശംനിറഞ്ഞ മത്സരമാണ് കാഴ്ചവെച്ചത്.
എന്നാൽ മൂന്നാമതായ കെ. സുരേന്ദ്രൻ കോന്നിയിൽ ചിത്രത്തിലേ ഉണ്ടായില്ല. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയനേതാക്കൾ പ്രചാരണത്തിനെത്തിയ കോന്നിയിൽ അതൊന്നും വോട്ടാക്കി മാറ്റാൻ ബിജെപിക്കായില്ല. ശബരിമല വിഷയം സജീവചർച്ചയാക്കിയെങ്കിലും അതും ബി.ജെ.പിക്ക് തുണയായില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.